| Wednesday, 12th November 2025, 6:40 pm

ബെംഗളൂരു വിടാനൊരുങ്ങി ആര്‍.സി.ബി; ചാമ്പ്യന്മാരെ വരവേല്‍ക്കാന്‍ മഹാരാഷ്ട്ര നഗരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍.സി.ബി) അടുത്ത സീസണിന് മുന്നോടിയായി ഹോം ഗ്രൗണ്ട് മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. ഐ.പി.എല്‍ 2026ല്‍ നിലവിലെ ചാമ്പ്യന്മാരുടെ ഒരു മത്സരം തങ്ങളുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നേക്കില്ല. കഴിഞ്ഞ വര്‍ഷം ആദ്യമായി കിരീടം നേടിയതിന്റെ വിക്ടറി പരേഡിനിടയില്‍ ചിന്നസ്വാമിയില്‍ നടന്ന ദുരന്തം കാരണമാണ് വേദി മാറ്റുന്നത്.

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം ആര്‍.സി.ബിയുടെ പുതിയ ഹോം ഗ്രൗണ്ടായേക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് ടീമും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും (എം.സി.എ) തമ്മില്‍ ചര്‍ച്ച നടക്കുകയാണ്.

ആര്‍.സി.ബി യുടെ ഹെഡും വൈസ് പ്രസിഡന്റുമായ രാജേഷ് മേനോനുമായി ചര്‍ച്ച നടക്കുകയാണെന്ന് എം.സി.എ സെക്രട്ടറി കമലേഷ് പിസാലിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഐ.പി.എല്‍ താരലേലത്തിന് ശേഷം മാത്രമാണ് ഹോം ഗ്രൗണ്ട് മാറ്റുന്നതില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ ആര്‍.സി.ബി.യുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്, പക്ഷേ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. അവര്‍ മാറ്റ് വേദികളുടെ സാധ്യതയും തേടുന്നുണ്ട്. എന്നാല്‍, താരലേലത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവൂ. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ഞങ്ങള്‍ വൈസ് പ്രസിഡന്റും ആര്‍.സി.ബി മേധാവിയുമായ രാജേഷ് മേനോനുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുകയാണ്,’ കമലേഷ് പിശാല്‍ പറഞ്ഞു.

ഏറെ കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം ഈ വര്‍ഷമാണ് ആര്‍.സി.ബി ഐ.പി.എല്ലില്‍ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്. രജത് പടിദാറിന്റെ കീഴിയില്‍ ആധികാരികമായായിരുന്നു ആര്‍.സി.ബിയുടെ കിരീടധാരണം. ഇതിന്റെ ആഘോഷം ജൂണ്‍ നാലിന് ബെംഗളൂരുവില്‍ നടത്താനായിരുന്നു ടീം മാനേജ്‌മെന്റ് പദ്ധതിയിട്ടിരുന്നത്. ആ ദിവസം സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ തടിച്ച് കൂടി തിരക്കില്‍ പെട്ട് 11 പേര്‍ മരിച്ചിരുന്നു.

ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചിന്നസ്വാമിയില്‍ നിശ്ചയിച്ചിരുന്ന ഐ.സി.സി വനിതാ ലോകകപ്പ് മത്സരങ്ങള്‍ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.സി.ബിയും തങ്ങളുടെ ഹോം ഗ്രൗണ്ട് മാറ്റാനൊരുങ്ങുന്നത്.

Content Highlight: RCB is preparing to leave Chinnaswamy Stadium; Pune could be RCB’s home ground in IPL 2026

We use cookies to give you the best possible experience. Learn more