ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച ദുരന്തത്തില്‍ വിശദീകരണവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീം. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നതെന്നും ദുരന്തത്തില്‍ തങ്ങള്‍ അതീവ ദുഖിതരാണെന്നും ടീം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
മാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ ഈ വിവരങ്ങള്‍ അറിഞ്ഞതെന്ന് പറഞ്ഞ ടീം പ്രശ്‌നങ്ങള്‍ അറിഞ്ഞയുടനെ പരിപാടിയില്‍ മാറ്റം വരുത്തിയതായും പ്രാദേശിക ഭരണകൂടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചതായും അറിയിച്ചു.
‘എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ദുരന്തത്തില്‍ ആര്‍.സി.ബി ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു,’ ആര്‍.സി.ബി പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം അപകടം നടന്നതിന് ശേഷവും പരിപാടി നടത്തി എന്നാരോപിച്ച് ആര്‍.സി.ബി ടീമിനെതിരേയും ടീം അംഗങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്. അപകടം നടന്ന കാര്യം സ്റ്റേഡിയത്തിനുള്ളിലുള്ളവര്‍ അറിഞ്ഞില്ലെന്നും ഒരു വിഭാഗം പറയുന്നുണ്ട്.
11 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിട്ടുണ്ട് ദുരന്തം ഉണ്ടായത് എങ്ങനെയാണ് എന്ന കാര്യം പരിശോധിക്കാനാണ് അന്വേഷണം. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. പരിപാടിയുടെ മുന്നൊരുക്കത്തിന് ലഭിച്ചത് ചുരുങ്ങിയ സമയമായിരുന്നെന്ന് പറഞ്ഞ സിദ്ധരാമയ്യ വിഷയത്തില്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും അറിയിച്ചു.
വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി കുംഭമേളയിലടക്കം അപകടം നടന്നിട്ടില്ലേയെന്നും ചോദിച്ചു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കര്‍ണാടക മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം നഷ്ടപപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പൊലീസിന്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന ആരോപണം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ തള്ളി. 5000ത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നെന്നും അവര്‍ കഴിയാവുന്ന തരത്തില്‍ എല്ലാം പരിശ്രമിച്ചെന്നും ഡി.കെ. ശിവകുമാര്‍ അവകാശപ്പെട്ടു.
എന്നാല്‍ സര്‍ക്കാര്‍ യാതൊരു മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അതിനാലാണ് അപകടം നടന്നതെന്നും ബി.ജെ.പി വിമര്‍ശിച്ചു.
Content Highlight: RCB changes schedule after learning about accident; follows government guidelines