| Saturday, 23rd May 2026, 9:38 pm

സൂപ്പർതാരം പരിക്കേറ്റ് പുറത്ത്; ആർ.സി.ബിക്ക് കനത്ത തിരിച്ചടി

Sudev A

2026 ഐ.പി.എല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കനത്ത തിരിച്ചടി. ടീമിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ ജേക്കബ് ബെഥേല്‍ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ഇടത് കൈവിരലിന് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. താരം ഇംഗ്ലണ്ടിലേക്ക് മടങ്ങും.

പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ ബെഥേല്‍ കളിച്ചിരുന്നില്ല. വെങ്കിടേഷ് അയ്യരാണ് ഓറഞ്ച് ആര്‍മിക്കെതിരെ ഓപ്പണറായി ഇറങ്ങിയിരുന്നത്.

പരിക്കേറ്റ ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടിന്റെ പകരക്കാരനായാണ് ജേക്കബ് ബെഥേലാണ് ബെംഗളൂരുവിന്റെ ഓപ്പണറായി കളത്തിലിറങ്ങിയത്. എന്നാല്‍ ടീമിനൊപ്പം അത്ര മികച്ച പ്രകടനം നടത്താന്‍ ബെഥേലിന് സാധിച്ചിട്ടില്ല. ഏഴ് ഇന്നിങ്സില്‍ നിന്നും 96 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

എന്നാല്‍ പരിക്കേറ്റ ഫില്‍ സാള്‍ട്ട് ഉടന്‍ ടീമിനൊപ്പം ചേരും വിരലിന് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ സാള്‍ട്ട് ഈ ആഴ്ച അവസാനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു സാള്‍ട്ടിന് പരിക്കേറ്റത്. ഈ പരിക്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി സാള്‍ട്ടിനോട് നാട്ടിലേക്ക് തിരികെയെത്താന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് മാനേജ്മെന്റ് ആവശ്യപ്പെടുകയിരുന്നു.

മികച്ച ഫോമില്‍ കളിക്കവെയാണ് സാള്‍ട്ടിന് പരിക്കിന്റെ തിരിച്ചടി നേരിടേണ്ടി വന്നത്. ഈ സീസണില്‍ ആര്‍.സി.ബിക്ക് വേണ്ടി സാള്‍ട്ട് ആറ് മത്സരങ്ങളില്‍ നിന്നും 202 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് അര്‍ധ സെഞ്ച്വറികളും ഇംഗ്ലണ്ട് താരം നേടിയിട്ടുണ്ട്.

മെയ് 26നാണ് ആദ്യ ക്വാളിഫയര്‍ മത്സരം നടക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാം ക്വാളിഫയറില്‍ ആര്‍.സി.ബിയുടെ എതിരാളികള്‍. ധര്‍മശാലയിലാണ് മത്സരം.

അതേസമയം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ ആര്‍.സി.ബി പരാജയപ്പെട്ടിരുന്നു. എസ്.ആര്‍.എച്ചിന്റെ തട്ടകമായ ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 56 റണ്‍സിനാണ് ഓറഞ്ച് ആര്‍മി വിജയം നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം ആദ്യ ബാറ്റിങ്ങില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഹൈദരാബാദ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നാല് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്.

Content Highlight: RCB big setback Jacob Bethel ruled out ipl 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more