| Tuesday, 26th May 2026, 11:53 pm

അഞ്ചാം ഫൈനൽ, ലക്ഷ്യം രണ്ടാം കിരീടം; ഗുജറാത്തിനെ വീഴ്ത്തി ആർ.സി.ബി കലാശപ്പോരിന്

Sudev A

2026 ഐ.പി.എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ 92 റൺസിന് തകർത്താണ് ബെംഗളൂരു ഫൈനലിലേക്ക് കുതിച്ചത്. ധർമശാലയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 254 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഗുജറാത്തിന് മുകളിൽ ഉയർത്തിയത്. ഐ.പി.എൽ പ്ലേ ഓഫിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയായിരുന്നു ഇത്. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്ത് തകർന്നടിയുകയായിരുന്നു. 19.3 ഓവറിൽ ഗുജറാത്ത്‌ 162 റൺസിന് പുറത്തായി.

ഐ.പി.എല്ലിലെ ആർ.സി.ബിയുടെ അഞ്ചാം ഫൈനൽ ആണിത്. ആർ.സി.ബി മൂന്ന് ഫൈനലുകളിൽ പരാജയപ്പെട്ടപ്പോൾ കഴിഞ്ഞവർഷം നടന്ന ഫൈനലിൽ വിജയിച്ചുകൊണ്ട് ബംഗളൂരു ആദ്യ കിരീടം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ കിരീടം നിലനിർത്താനുള്ള സുവർണാവസരമാണ് നിലവിലെ ചാമ്പ്യന്മാർക്ക് വീണ്ടും ലഭിച്ചിരിക്കുന്നത്.

ആർ.സി.ബിയുടെ ബൗളിങ് നിരയിൽ ജേക്കബ് ഡഫിയും ഭുവനേശ്വർ കുമാറും മിന്നും പ്രകടനം നടത്തിയപ്പോൾ ഗുജറാത്ത് ബാറ്റിങ് തകരുകയായിരുന്നു. ഡഫി മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ, റാഷിഖ് സലാം, ക്രുണാൽ പാണ്ഡ്യ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും കൈപ്പിടിയിലാക്കിയ ആർ.സി.ബിയുടെ വിജയത്തിൽ നിർണായകമായി.

അർധ സെഞ്ച്വറി നേടിയ രാഹുൽ തിവാട്ടിയ മാത്രമാണ് ഗുജറാത്ത് നിരയിൽ പൊരുതിയത്. 43 പന്തിൽ എട്ട് ഫോറുകളും നാല് സിക്സുകളുമടക്കം 68 റൺസാണ് താരം നേടിയത്. ജോസ് ബട്ലർ 29 റൺസും സായ് സുദർശൻ 14 റൺസും നേടി. ബാക്കിയുള്ള താരങ്ങൾക്കൊന്നും രണ്ടക്കം കടക്കാനായില്ല.

അതേസമയം ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റൻ സ്കോർ ഉയർത്തിയത്. 33 പന്തിൽ നിന്നും പുറത്താവാതെ 93 റൺസ് നേടിയാണ് ആർ.സി.ബി ക്യാപ്റ്റൻ തിളങ്ങിയത്. അഞ്ച് ഫോറുകളും ഒമ്പത് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. വിരാട് കോഹ്‌ലി, ക്രുണാൽ പാണ്ഡ്യ എന്നിവർ 43 റൺസ് വീതവും നേടി ടീമിന് കൂറ്റൻ ടോട്ടൽ നൽകുന്നതിൽ നിർണായകമായി. ദേവദത്ത് പടിക്കൽ 30 റൺസും സ്വന്തമാക്കി.

ഗുജറാത്തിന്റെ ബൗളിങ് നിരയിൽ ജേസൺ ഹോൾഡർ, കാഗിസൊ റബാദ എന്നിവർ രണ്ടു വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി.

നാളെ നടക്കുന്ന രാജസ്ഥാൻ റോയൽസ്- സൺറൈസേഴ്സ് ഹൈദരാബാദ് എലിമിനേറ്റർ മത്സരത്തിലെ വിജയികളെ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് നേരിടും. മെയ് 29നാണ് രണ്ടാം ക്വാളിഫയർ നടക്കുന്നത്. മെയ് 31നാണ് കലാശപോരാട്ടം

Content Highlight: RCB beat GT and entered to the 2026 IPL final

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more