| Friday, 9th November 2018, 2:15 pm

കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന കേന്ദ്ര അവകാശവാദം നവംബര്‍ എട്ടിനുതന്നെ ആര്‍.ബി.ഐ തള്ളിയിരുന്നെന്ന് രേഖകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ടുനിരോധനത്തിന് അംഗീകാരം നല്‍കിയ വേളയില്‍ തന്നെ കള്ളനോട്ട്, കള്ളപ്പണം എന്നിവ ഇല്ലാതാക്കാമെന്ന കേന്ദ്ര അവകാശവാദങ്ങള്‍ ആര്‍.ബി.ഐ തള്ളിക്കളഞ്ഞിരുന്നു. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് നാലു മണിക്കൂര്‍ മുമ്പുതന്നെ ആര്‍.ബി.ഐ ഇത് ചെയ്തിരുന്നെന്ന് ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നവംബര്‍ എട്ടിന് വൈകുന്നേരം 5.30ന് ധൃതിപിടിച്ച് നടത്തിയ ആര്‍.ബി.ഐ സെന്‍ട്രല്‍ ബോര്‍ഡിന്റെ 561ാം യോഗത്തിന്റെ മിനുട്‌സില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. നോട്ടുനിരോധനം നല്ല തീരുമാനമൊക്കെയാണ്, എന്നാല്‍ അത് ആ വര്‍ഷത്തെ ജി.ഡി.പിയെ ഹ്രസ്വകാലത്തേക്ക് നെഗറ്റീവായി ബാധിക്കുമെന്നുമാണ് ആര്‍.ബി.ഐ ഡയറക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയത്.

Also Read:“അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‌ലീങ്ങള്‍ക്ക് സ്ഥാനമില്ല”; കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത് ഈ ലഘുലേഖ കാരണം

യോഗം നടന്ന് അഞ്ചാഴ്ചയ്ക്കുശേഷം 2016 ഡിസംബര്‍ 15ന് ആര്‍.ബി.ഐ ഗവര്‍ണര് ഊര്‍ജിത് പട്ടേലാണ് ഈ മിനുട്‌സില്‍ ഒപ്പുവെച്ചത്. ആറ് എതിര്‍പ്പുകളും പ്രധാനപ്പെട്ട നിരീക്ഷണങ്ങള്‍ എന്ന തരത്തില്‍ മിനുട്‌സില്‍ ആര്‍.ബി.ഐ ബോര്‍ഡ് രേഖപ്പെടുത്തിയിരുന്നു.

1000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ നിരോധിക്കുന്നത് കള്ളപ്പണം ഇല്ലാതാക്കാനും കള്ളനോട്ടിന്റെ പ്രചാരം ഇല്ലാതാക്കാനും സഹായിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തെ ആര്‍.ബി.ഐ ഡയറക്ടര്‍മാര്‍ തള്ളുന്നുണ്ട്. ഇതിന് ധനകാര്യമന്ത്രി നല്‍കിയ വിശദീകരണങ്ങളും മിനുട്‌സില്‍ ലിസ്റ്റു ചെയ്തിട്ടുണ്ട്.

“കള്ളപ്പണത്തിന്റെ വലിയൊരു ഭാഗം കറന്‍സിയുടെ രൂപത്തിലല്ല സൂക്ഷിച്ചിരിക്കുന്നത്. സ്വത്തുവകകള്‍, സ്വര്‍ണം റിയല്‍ എസ്റ്റേറ്റ് എന്നീ രൂപങ്ങളിലാണ്. ആ സ്വത്തുവകകളെ തൊടാന്‍ ഈ നീക്കത്തിലൂടെ സാധിക്കില്ല.” എന്നാണ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്.

കള്ളനോട്ടുകളില്‍ ഏറെയും 1000ത്തിന്റെയും 500ന്റെയും നോട്ടുകളായാണ് ഉണ്ടാവുന്നതെന്നും അത്തരം കള്ളനോട്ടുകളുടെ എണ്ണം 400 കോടി വരുമെന്നുമാണ് ധനമന്ത്രാലയം ബോര്‍ഡിനെ അറിയിച്ചത്. എന്നാല്‍ രാജ്യത്ത് പ്രചാരത്തിലിരിക്കുന്ന ആകെ കറന്‍സിയുമായി തട്ടിച്ചുനോക്കുമ്പോള്‍ 400 കോടിയെന്നത് വളരെ ചുരുങ്ങിയ ശതമാനമാണെന്നാണ് ബോര്‍ഡ് നല്‍കിയ മറുപടി.

Latest Stories

We use cookies to give you the best possible experience. Learn more