| Friday, 27th March 2020, 8:16 am

കൊവിഡ് 19 ല്‍ വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകുമോ? റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്ന് 10 മണിയ്ക്ക് മാധ്യമങ്ങളെ കാണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 രാജ്യത്ത് പടരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ഇന്ന് മാധ്യമങ്ങളെ കാണും. വൈറസ് ബാധ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തേയും പിടിച്ചുകുലുക്കിയതോടെ വലിയ പ്രഖ്യാപനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് കരുതുന്നത്.

ഇന്ന് 10 മണിയ്ക്ക് ആര്‍.ബി.ഐ മാധ്യമങ്ങളെ കാണുന്നത്.

നേരത്തെ കൊവിഡില്‍ 1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി മുഖേനയാണ് പാക്കേജ്. മൂന്ന് മാസത്തേക്ക് അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ സൗജന്യമായി നല്‍കും. നിലവില്‍ ലഭിക്കുന്നത് കൂടാതെ 5 കിലോ ധാന്യം ലഭ്യമാക്കും. പലവ്യജ്ഞനങ്ങളും പയര്‍വര്‍ഗങ്ങളും ഒരു കിലോ വീതം മൂന്ന് മാസത്തേക്ക് സൗജന്യമായി നല്‍കും. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്കാണ് ആനുകൂല്യം ലഭ്യമാക്കുക.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും. 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് ഉറപ്പാക്കുക. ആശാ വര്‍ക്കര്‍മാരും ശുചീകരണ തൊഴിലാളികളും ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടും.

തൊഴിലുറപ്പു പദ്ധതി പ്രകാരം 2000 രൂപ നല്‍കും. വനിതാ ജന്‍ധന്‍ ഉടമകള്‍ക്ക് 500 രൂപ വീതം മൂന്ന് മാസത്തേക്ക് നല്‍കും. 20 കോടി വനിതകള്‍ക്കാണ് തുക ലഭ്യമാകുക. രാജ്യത്തെ കര്‍ഷര്‍ക്ക് 2000 രൂപ വീതം കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായി നല്‍കും. 9 കോടി കര്‍ഷകര്‍ക്ക് രണ്ടായിരം കോടി ലഭിക്കും.

മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കും 1000 രൂപ വീതം മൂന്ന് മാസത്തേക്ക് നല്‍കും. 8.3 കോടി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ സിലിണ്ടര്‍ നല്‍കും. ഉജ്വല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സിലിണ്ടര്‍ നല്‍കുക.

10 ലക്ഷം രൂപ ജാമ്യമില്ലാതെ എന്‍.ആര്‍.എല്‍.എം വഴി നല്‍കും.വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഈടില്ലാത്ത വായ്പ നല്‍കുന്നത് 20 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു.

പി.എഫില്‍ നിന്നും പണം പിന്‍വലിക്കാനുള്ള നിബന്ധത ലഘൂകരിച്ചു. 75 ശതമാനം വരെ തുക പിന്‍വലിക്കാം. ഇത് തിരിച്ചടക്കേണ്ടതില്ല. അഞ്ച് കോടി ആളുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും സംഘടിത മേഖലയിലുള്ള തൊഴിലാളികളുടേയും ഉടമകളുടേയും മൂന്ന് മാസത്തെ പി.എഫ് വിഹിതം സര്‍ക്കാര്‍ അടക്കും. തൊഴിലുറപ്പ് കൂലി 202 രൂപയാക്കി.

WATCH THIS VIDEO:

;

Latest Stories

We use cookies to give you the best possible experience. Learn more