| Monday, 7th September 2026, 8:35 am

ആറ് റണ്‍സിനിടെ അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ടില്‍ മാസ് കാണിച്ച് ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍

ആദർശ് എം.കെ.

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഫൈഫറുമായി തിളങ്ങി ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ രവിശ്രീനിവാസന്‍ സായ് കിഷോര്‍. ബ്രിസ്റ്റോളില്‍ നടന്ന ഗ്ലോസ്റ്റര്‍ഷെയര്‍ – ഡെര്‍ബിഷെയര്‍ മത്സരത്തിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ താരം സായ്കിഷോര്‍ പന്തുകൊണ്ട് തിളങ്ങിയത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലായിരുന്നു എതിരാളികളെ തോല്‍വിയിലേക്ക് തള്ളിയിട്ട സായ് കിഷോറിന്റെ പ്രകടനം.

തന്റെ ആദ്യ എട്ട് ഓവറുകളില്‍ കേവലം ആറ് റണ്‍സ് വിട്ടുകൊടുത്താണ് സായ് കിഷോര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഓപ്പണര്‍ ഹാരി കെയ്മിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയായിരുന്നു സായ് കിഷോര്‍ വേട്ട ആരംഭിച്ചത്. പിന്നാലെത്തിയ മാറ്റ് മോണ്ട്‌ഗോമെറിയെ ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയ താരം ഡെര്‍ബിഷെയര്‍ ക്യാപ്റ്റന്‍ വെയ്ന്‍ മാഡ്‌സണെ (11 പന്തില്‍ അഞ്ച്) എഡ് മിഡില്‍ടണിന്റെ കൈകളിലെത്തിച്ചും പുറത്താക്കി.

അനൂരിന്‍ ഡൊണാള്‍ഡ് (ആറ് പന്തില്‍ ഒന്ന്), വിക്കറ്റ് കീപ്പര്‍ ബ്രൂക്ക് ഗസ്റ്റ് (സില്‍വര്‍ ഡക്ക്) എന്നിവരെ പുറത്താക്കി ഫൈഫര്‍ പൂര്‍ത്തിയാക്കിയ സായ്കിഷോര്‍ 5/20 എന്ന നിലയിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

അതേസമയം, മത്സരത്തില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ 213 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ടീമിന്റെ ഗംഭീര തിരിച്ചുവരവ്.

ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പര്‍ ജെയിംസ് ബ്രേസിയുടെ (166 പന്തില്‍ 133) സെഞ്ച്വറി കരുത്തില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ 237 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെര്‍ബിഷെയര്‍ മുഹമ്മദ് യൂസഫ് ബിന്‍ നഈം (119 പന്തില്‍ 71), മാറ്റ് മോണ്ട്‌ഗോമെറി (107 പന്തില്‍ 65), ഹാരി കെയിം (74 പന്തില്‍ 43), ജാക്ക് മോര്‍ലി (140 പന്തില്‍ 41) എന്നിവരുടെ കരുത്തില്‍ 278 റണ്‍സ് നേടുകയും 41 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുകയും ചെയ്തു.

രണ്ടാം ഇന്നിങ്‌സില്‍ മൈല്‍സ് ഹാമണ്ട് (213 പന്തില്‍ 118), വിക്കറ്റ് കീപ്പര്‍ ജെയിംസ് ബ്രേസി (147 പന്തില്‍ 104*) എന്നിവരുടെ സെഞ്ച്വറിയുടെയും ജോ ഫിലിപ്‌സിന്റെ (126 പന്തില്‍ 64) അര്‍ധ സെഞ്ച്വറിയുടെയും ബലത്തില്‍ 359/6 എന്ന നിലയിവല്‍ ഡിക്ലയര്‍ ചെയ്യുകയും 319 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തുകയുമായിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡെര്‍ബിഷെയര്‍ ടോപ്പ് ഓര്‍ഡറിനെ സായ് കിഷോര്‍ എറിഞ്ഞിട്ടപ്പോള്‍ ഒലി പ്രൈസ് മൂന്ന് വിക്കറ്റും എഡ് മിഡില്‍ടണ്‍ രണ്ട് വിക്കറ്റുമെടുത്ത് 105 റണ്‍സില്‍ ഡെര്‍ബിഷെയറിനെ ഒതുക്കുകയായിരുന്നു.

ഡെര്‍ബിഷെയറിനെതിരെ വിജയിച്ചെങ്കിലും ഡിവിഷന്‍ 2ല്‍ ടീം അവസാന സ്ഥാനത്ത് തുടരുകയാണ്. 11 മത്സരത്തില്‍ രണ്ട് വിജയവുമായി 63 പോയിന്റാണ് ടീമിനുള്ളത്.

നാളെയാണ് ഗ്ലോസ്റ്റര്‍ഷെയര്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. ലങ്കാഷെയറാണ് എതിരാളികള്‍.

Content Highlight: Ravisreenivasan Sai Kishore picks fifer in County Championship

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more