ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂലൈ 23 മുതല്‍ 27 വരെയാണ് മത്സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരാണ് മുമ്പില്‍. ലീഡ്സില്‍ നടന്ന ആദ്യ മത്സരത്തിലും ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തിലുമാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്. അതേസമയം, ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും വിജയിച്ചു.
ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 22 റണ്‍സിന്റെ പരാജയമാണ് സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്നത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന്പുറത്തായി. എളുപ്പം വിജയിക്കാന്‍ സാധിക്കുമെന്ന ഇന്ത്യയുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്.
അവസാന നിമിഷം വരെ പോരാടിയ രവീന്ദ്ര ജഡേജയുടെ അപരാജിത അര്‍ധ സെഞ്ച്വറിക്കും ഇന്ത്യയുടെ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല.
181 പന്തില്‍ പുറത്താകാതെ 61 റണ്‍സാണ് ജഡേജ സ്വന്തമാക്കിയത്. നേരത്തെ പരമ്പരയിലെ ആദ്യ ഇന്നിങ്‌സിലും താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.
ഇതോടെ ഒരു റെക്കോഡ് നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും ജഡേജയ്ക്ക് സാധിച്ചിരുന്നു. ഇംഗ്ലണ്ടില്‍ ആറാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഒരു വിസിറ്റിങ് ബാറ്റര്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറിന്റെ റെക്കോഡിലാണ് ജഡേജ ധോണിയെ മറികടന്നത്.
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
ഗാരി സോബേഴ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 16 – 1,097
സ്റ്റീവ് വോ – ഓസ്‌ട്രേലിയ – 17 – 909
രവീന്ദ്ര ജഡേജ – ഇന്ത്യ – 23 – 863
എം.എസ്. ധോണി – ഇന്ത്യ – 23 – 778
പരമ്പരയില്‍ ഇതുവരെ സ്ഥിരതയാര്‍ന്ന മികച്ച പ്രകടനമാണ് ജഡേജ പുറത്തെടുക്കുന്നത്.
അതേസമയം, മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യയ്ക്ക് ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. ഇവിടെ കളിച്ച ഒമ്പത് മത്സരത്തില്‍ നാലിലും പരാജയപ്പെട്ടു. അഞ്ച് മത്സരം സമനിലയിലും അവസാനിച്ചു. ഈ തലവര മാറ്റിയെഴുതാന്‍ കൂടിയാണ് ഇന്ത്യ ഇറങ്ങുന്നത്.
Content Highlight: Ravindra Jadeja surpass MS Dhoni in most runs at number six or below in England