ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആരോപണവുമായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായ റിവാബ ജഡേജ. വിദേശ പര്യടനത്തിന് പോയാല്‍ ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ മോശം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാണ് റിവാബയുടെ പറഞ്ഞത്.
എന്നാല്‍ തന്റെ ഭര്‍ത്താവായ രവീന്ദ്ര ജഡേജ വളരെ മാന്യനാണെന്നും ആസക്തികളിലേക്കോ മോശപ്പെട്ട പ്രവൃത്തികളിലേക്കോ ജഡേജ പോയിട്ടില്ലെന്നും റിവാബ ജഡേജ പറഞ്ഞു. എന്നാല്‍ ചില താരങ്ങള്‍ സദാചാരപരമായ പല പ്രവര്‍ത്തികളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും, ഉത്തരവാദിത്തബോധംകൊണ്ട് ജഡേജ അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുകയാണ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ആരൊക്കെയാണ് മോശം പ്രവൃത്തികള്‍ ചെയ്തതെന്നോ എന്താണ് മോശം പ്രവര്‍ത്തിയെന്നോ റിവാബ വെളിപ്പെടുത്തിയതുമില്ല. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയായിരുന്നു റിവാബയുടെ വിവാദ പ്രസ്താവന.
‘ഇന്ത്യയുടെ വിദേശ പര്യടനങ്ങള്‍ക്ക് വേണ്ടി ലണ്ടനിലും ദുബായിലും ഓസ്‌ട്രേലിയയിലുമെല്ലാം ജഡേജ പോയിട്ടുണ്ട്. പലതരം സ്ഥലങ്ങളില്‍ എത്തിപ്പെട്ടിട്ടുണ്ടെങ്കിലും ആസക്തികളിലേക്കോ മോശപ്പെട്ട പ്രവൃത്തികളിലേക്കോ ജഡേജ പോയിട്ടില്ല.
എന്നാല്‍ മറ്റുതാരങ്ങള്‍ അങ്ങനെയല്ല. അവരില്‍ ചിലര്‍ സദാചാര പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, അതേസമയം ജഡേജ അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുകയാണ് ചെയ്തിരുന്നത്. അത് അദ്ദേഹത്തിനുള്ളിലെ ഉത്തരവാദിത്തബോധം കൊണ്ടാണ്,’ റിവാബ പറഞ്ഞു.
റിവാബ ആരോപണമുന്നയിക്കുന്ന വീഡിയോ പ്രചരിച്ചുതുടങ്ങിയതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ആരംഭിച്ചുതുടങ്ങി. റിവാബയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.