| Wednesday, 6th August 2025, 5:41 pm

ഒരുത്തനും തൊടാന്‍ സാധിക്കാത്ത ഉയരത്തില്‍; സിംഹാസനം വിട്ടുകൊടുക്കാതെ വീണ്ടും ഒന്നാമത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി രവീന്ദ്ര ജഡേജ. 405 റേറ്റിങ്ങുമായാണ് കിങ് ജഡ്ഡു ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും താരം വിരുതുകാട്ടി.

അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 86.00 ശരാശരിയില്‍ 516 റണ്‍സ് നേടിയ പരമ്പരയില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ജഡേജ ഫിനിഷ് ചെയ്തത്. ഇംഗ്ലണ്ടിന്റെ പ്ലെയര്‍ ഓഫ് ദി സീരീസായ ഹാരി ബ്രൂക്ക് 481 റണ്‍സ് മാത്രമാണ് നേടിയത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം. പരമ്പരയില്‍ ഒരു ഫോര്‍ഫറടക്കം ഏഴ് വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഈ പരമ്പരയിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ പല റെക്കോഡ് നേട്ടങ്ങളും ജഡ്ഡുവിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.

ആറാം നമ്പറിലോ അതിന് താഴെയോ കളത്തിലിറങ്ങി ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതിലൊന്ന്. ഇതിഹാസ താരം വി.വി.എസ്. ലക്ഷ്മണിന്റെ റെക്കോഡാണ് ജഡേജ തകര്‍ത്തത്.

ആറാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഒരു ടെസ്റ്റ് സീരീസില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം

(താരം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

രവീന്ദ്ര ജഡേജ – ഇംഗ്ലണ്ട് – 516 – 2025*

വി.വി.എസ്. ലക്ഷ്മണ്‍ – വെസ്റ്റ് ഇന്‍ഡീസ് – 474 – 2002

രവി ശാസ്ത്രി – ഇംഗ്ലണ്ട് – 374 – 1985-86

റിഷബ് പന്ത് – ഓസ്ട്രേലിയ – 350 – 2018-19

ഇതിനൊപ്പം സെക്കന്‍ഡ് ഇന്നിങ്സില്‍ (മൂന്ന്, നാല് ഇന്നിങ്സുകള്‍) ഏറ്റവുമധികം ബാറ്റിങ് ശരാശരിയുള്ള താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കും ജഡേജയെത്തി.. 315.00 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. ഓവലിലാണ് സെക്കന്‍ഡ് ഇന്നിങ്സില്‍ താരം ആദ്യമായി പുറത്താകുന്നത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

ഒരു പരമ്പരയിലെ സെക്കന്‍ഡ് ഇന്നിങ്സിലെ (മൂന്ന്, നാല് ഇന്നിങ്സുകള്‍) ഏറ്റവും മികച്ച ബാറ്റിങ് ശരാശരി

(താരം – ടീം – എതിരാളികള്‍ – ബാറ്റിങ് ശരാശരി – വര്‍ഷം എന്നീ ക്രമത്തില്‍)

സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 468.00 – 1970-71

രവീന്ദ്ര ജഡേജ – ഇന്ത്യ – ഇംഗ്ലണ്ട് – 315.00 – 2025*

ആന്‍ഡി ഫ്ളവര്‍ – സിംബാബ്‌വേ – ഇന്ത്യ – 302.00 – 2000-01

അതേസമയം, ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ ആറ് സ്ഥാനങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. മെഹ്ദി ഹസന്‍ മിറാസ് (ബംഗ്ലാദേശ്), ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്), വിയാന്‍ മുള്‍ഡര്‍ (സൗത്ത് ആഫ്രിക്ക), പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ), മാര്‍ക്കോ യാന്‍സെന്‍ (സൗത്ത് ആഫ്രിക്ക) എന്നിവരാണ് ആദ്യ ആറ് സ്ഥാനങ്ങളിലുള്ളത്.

മിച്ചല്‍ സ്റ്റാര്‍ക് ഒരു റാങ്ക് മെച്ചപ്പെടുത്തിയപ്പോള്‍ ജോ റൂട്ട് എട്ടാം സ്ഥാനത്തേക്കും വീണു.

ഐ.സി.സി ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Content Highlight: Ravindra Jadeja remains top of ICC Test All-Rounder ranking

We use cookies to give you the best possible experience. Learn more