| Friday, 14th August 2026, 10:29 pm

ഇന്ത്യന്‍ ചരിത്രം തിരുത്തിക്കുറിക്കാന്‍ സര്‍ ജഡേജ; ഇരട്ട റെക്കോഡിന് വേണ്ടത് വെറും രണ്ട് വിക്കറ്റ് ദൂരം

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം നാളെ (ഓഗസ്റ്റ് 15) മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇടം നേടിയിട്ടുണ്ട്. ഈ പരമ്പരയിലൂടെ തിരിച്ചുവരവ് ലക്ഷ്യമിടുന്ന ജഡേജക്ക് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് ജഡേജയ്ക്ക് നടന്നുകയറാന്‍ സാധിക്കും.

ജഡേജ 350 വിക്കറ്റുകള്‍ സ്വന്തമാക്കിയാല്‍ മറ്റൊരു റെക്കോഡും താരത്തിന്റെ പേരില്‍ കുറിക്കപ്പെടും. റെഡ് ബോള്‍ ക്രിക്കറ്റില്‍ 4000 റണ്‍സും 350 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നറായും ജഡേജയ്ക്ക് മാറാന്‍ സാധിക്കും.

ഇതിനുമുമ്പ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് മാത്രമാണ് ഇത്തരത്തിലുള്ള അവിശ്വസനീയ നേട്ടം കൈപിടിയിലാക്കിയിട്ടുള്ളൂ. 5428 റണ്‍സും 434 വിക്കറ്റും നേടിയാണ് കപില്‍ ദേവ് തന്റെ കരിയര്‍ അവസാനിപ്പിച്ചത്.

എന്നാല്‍ കപില്‍ ദേവ് ഒരു ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഈ പരമ്പരയില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ചരിത്രത്തില്‍ ആദ്യ സ്പിന്നറായി തന്റെ പേര് രേഖപ്പെടുത്താനും ജഡേജക്ക് സാധിക്കും.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി 2012ല്‍ അരങ്ങേറ്റം കുറിച്ച ജഡേജ മൂന്ന് വര്‍ഷത്തോളം ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്നില്ല. എന്നാല്‍ 2015 മുതല്‍ അങ്ങോട്ട് ജഡേജക്ക് ഇന്ത്യന്‍ ടീമിനൊപ്പം സുവര്‍ണ കാലഘട്ടമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയാണ് ജഡേജ ഐതിഹാസികമായ ഒരു ടെസ്റ്റ് കരിയര്‍ സ്വന്തമാക്കിയത്.

ആറ് സെഞ്ച്വറികളും 28 അര്‍ധ സെഞ്ച്വറികളും അടക്കം 4095 റണ്‍സാണ് ബാറ്റിങ്ങില്‍ ജഡേജ അടിച്ചെടുത്തത്. ബൗളിങ്ങില്‍ 348 തവണയാണ് ജഡേജ എതിരാളികളെ പുറത്താക്കിയത്. ശ്രീലങ്കക്കെതിരെ ജഡേജ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍

ശ്രീലങ്ക സ്‌ക്വാഡ്

ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), ലഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, കാമിന്ദു മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), ദിനേഷ് ചണ്ഡിമല്‍, പസിന്ദു സൂരിയബന്ധാര, സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), രമേഷ് മെന്‍ഡിസ്, പ്രഭാത് ജയസൂര്യ, കേശര നുവന്ത, മിലന്‍ രത്‌നായകെ, അസിത ഫെര്‍ണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷങ്ക

Content Highlight: Ravindra Jadeja Need Two More Wicket To Create Great Record In Test Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more