| Thursday, 15th May 2025, 8:41 am

വിരാടും രോഹിത്തും പടിയിറങ്ങുമ്പോള്‍ ജഡേജ ടെസ്റ്റിന്റെ ചരിത്രം തന്നെ തിരുത്തി മുന്നേറുന്നു! ഇത് സാധ്യമെന്ന് ആര് കരുതി?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടെസ്റ്റ് ഫോര്‍മാറ്റിനെ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടാണ് രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോഹ്‌ലിയും അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം കണ്‍മുമ്പില്‍ നില്‍ക്കവെയാണ് വിരാട് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്.

നേരത്തെ തന്നെ ആര്‍. അശ്വിനും ഫോര്‍മാറ്റിനോട് വിടപറഞ്ഞതിനാല്‍ ഇന്ത്യന്‍ നിരയില്‍ വല്യേട്ടന്റെ സ്ഥാനം രവീന്ദ്ര ജഡേജയ്ക്കാണ്. ടീമിലെ സീനിയര്‍ താരമെന്ന നിലയില്‍ ക്യാപ്റ്റനോളം തന്നെ ഉത്തരവാദിത്തവും കളിക്കളത്തില്‍ രവീന്ദ്ര ജഡേജയ്ക്കുണ്ടാകും.

ഐ.പി.എല്ലിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനമാണ് ജഡേജയ്ക്ക് മുമ്പിലുള്ളത്. രോഹിത്തും വിരാടും അശ്വിനുമില്ലാതെ ഇറങ്ങുന്ന ഈ പരമ്പരയിലാണ് ജഡേജ തന്റെ എക്‌സ്പീരിയന്‍സ് വ്യക്തമാക്കേണ്ടതും.

ഈ സാഹചര്യങ്ങളെല്ലാം മുമ്പില്‍ നില്‍ക്കവെ ഒരു ഐതിഹാസിക നേട്ടമാണ് ജഡേജയെ തേടിയെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഏറ്റവുമധികം കാലം ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമനായ താരമെന്ന റെക്കോഡാണ് ജഡേജ സ്വന്തമാക്കിയത്.

1151 ദിവസമാണ് ജഡ്ഡു ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി തുടര്‍ന്നത്. മാര്‍ച്ച് 2022 മുതല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കരീബിയന്‍ സൂപ്പര്‍ താരം ജേസണ്‍ ഹോള്‍ഡറിന്റെ റെക്കോഡ് മറികടന്നാണ് ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിലും താരം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. 400 റേറ്റിങ്ങുമായാണ് താരം ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാമനേക്കാള്‍ റേറ്റിങ്ങില്‍ ഏറെ മുമ്പിലാണ് ജഡേജ.

327 റേറ്റിങ്ങുമായി ബംഗ്ലാദേശിന്റെ മെഹ്ദി ഹസന്‍ മിറാസാണ് രണ്ടാമതെത്തിയത്. സിംബാബ്‌വേക്കെതിരായ പരമ്പരയ്ക്ക് പിന്നാലെയാണ് മിറാസ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം മാര്‍ക്കോ യാന്‍സനെ പിന്തള്ളിയാണ് മിറാസ് ഒരു റാങ്ക് മെച്ചപ്പെടുത്തിയത്.

ശേഷം 28 വരെയുള്ള റാങ്കുകള്‍ അതുപോലെ തുടരുകയാണ്.

ഐ.സി.സി ടെസ്റ്റ് ഓള്‍റൗണ്ടര്‍ റാങ്കിങ് (പുരുഷന്‍)

(താരം – ടീം – റേറ്റിങ് എന്നീ ക്രമത്തില്‍)

രവീന്ദ്ര ജഡേജ – ഇന്ത്യ – 400

മെഹ്ദി ഹസന്‍ മിറാസ് – ബംഗ്ലാദേശ് – 327

മാര്‍കോ യാന്‍സെന്‍ – സൗത്ത് ആഫ്രിക്ക – 294

പാറ്റ് കമ്മിന്‍സ് – ഓസ്‌ട്രേലിയ – 271

ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 253

ജേസണ്‍ ഹോള്‍ഡര്‍ – വെസ്റ്റ് ഇന്‍ഡീസ് – 249

ജോ റൂട്ട് – ഇംഗ്ലണ്ട് – 247

ഗസ് ആറ്റ്കിന്‍സണ്‍ – ഇംഗ്ലണ്ട് – 240

ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 235

ക്രിസ് വോക്‌സ് – ഇംഗ്ലണ്ട് – 225

ടെസ്റ്റ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlight: Ravindra Jadeja creates history by becoming the longest number one all-rounder in Tests

We use cookies to give you the best possible experience. Learn more