| Monday, 17th August 2026, 6:25 pm

ടെസ്റ്റില്‍ 350 നോട്ട് ഔട്ട്; പുതിയ ചരിത്രം സൃഷ്ടിച്ച് ജഡേജ

സുദേവ് എ

ഇന്ത്യ-ശ്രീലങ്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക 284 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ നേടി മാനവ് സുതര്‍ തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയതോടെ ഒരു ചരിത്ര നേട്ടവും ജഡേജ കൈവരിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് ജഡേജ നടന്നുകയറിയത്. 351 വിക്കറ്റുകളാണ് ജഡേജ ടെസ്റ്റില്‍ ഇതുവരെ നേടിയിട്ടുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സും 350 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നറാണ് ജഡേജ. ഇതിനുമുമ്പ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് മാത്രമാണ് ഇത്തരത്തിലുള്ള അവിശ്വസനീയ നേട്ടം കൈപിടിയിലാക്കിയിട്ടുള്ളൂ. 5428 റണ്‍സും 434 വിക്കറ്റും നേടിയാണ് കപില്‍ ദേവ് തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത്.

എന്നാല്‍ കപില്‍ ദേവ് ഒരു ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടര്‍ ആയിരുന്നു. ഇപ്പോള്‍ ഈ പരമ്പരയില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടി ചരിത്രത്തില്‍ ആദ്യ ഇന്ത്യന്‍ സ്പിന്നറായി തന്റെ പേര് രേഖപ്പെടുത്തിയിരിക്കുകയാണ് ജഡേജ.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി 2012ല്‍ അരങ്ങേറ്റം കുറിച്ച ജഡേജ മൂന്ന് വര്‍ഷത്തോളം ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്നില്ല. എന്നാല്‍ 2015 മുതല്‍ അങ്ങോട്ട് ജഡേജക്ക് ഇന്ത്യന്‍ ടീമിനൊപ്പം സുവര്‍ണ കാലഘട്ടമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയാണ് ജഡേജ ഐതിഹാസികമായ ഒരു ടെസ്റ്റ് കരിയര്‍ സ്വന്തമാക്കിയത്.

അതേസമയം ശ്രീലങ്കന്‍ നിരയില്‍ സൊനല്‍ ദിനുഷ സെഞ്ച്വറി നേടി. 168 പന്തുകളില്‍ നിന്നും 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

നിരോഷന്‍ ഡിക്ക്വെല്ല അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 115 പന്തില്‍ 80 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറുകളായിരുന്നു താരം നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ നിരയില്‍ ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടി കരുത്തുകാട്ടി. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്.

കെ.എല്‍ രാഹുല്‍ 10 ഫോറുകളും ഒരു സിക്സും അടക്കം 80 റണ്‍സും ധ്രുവ് ജുറെല്‍ നാല് ഫോറുകളും ഒരു സിക്സും അടക്കം 51 റണ്‍സും നേടി.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ പ്രഭാത് ജയസൂര്യ നാല് വിക്കറ്റും കേഷാര നുവന്ത മൂന്ന് വിക്കറ്റും അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി തിളങ്ങി.

അതേസമയം 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്. നിലവില്‍ ഡബ്ല്യൂ.ടി.സി പോയിന്റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്.

Content Highlight: Ravindra Jadeja create a historical record in test

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more