| Thursday, 23rd April 2026, 10:04 am

ഇന്ത്യക്കാരില്‍ നാലാമന്‍; ഇതിഹാസ നേട്ടത്തില്‍ മിന്നിതിളങ്ങി ജഡേജ

സുദേവ് എ

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 40 റണ്‍സിന്റെ വമ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ലഖ്‌നൗവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ടൂര്‍ണമെന്റിലെ അഞ്ചാം വിജയമാണ് റിയാന്‍ പരാഗും സംഘവും കൈപ്പിടിയിലാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയെങ്കിലും മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗവിനെ 18 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടാക്കി രാജസ്ഥാന്‍ ജയിച്ചുകയറുകയായിരുന്നു.

രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. രാജസ്ഥനായി ആറാം നമ്പറില്‍ ഇറങ്ങി മികച്ച ബാറ്റിങ് പ്രകടനമാണ് ജഡേജ നടത്തിയത്. 29 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം നേടിയത്. ബൗളിങ്ങില്‍ ഒരു വിക്കറ്റും നേടി.

വീണ്ടുമൊരു പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കൈപ്പിടിയിലാക്കാക്കിയതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും ജഡേജക്ക് സാധിച്ചു. 17ാം തവണയാണ് ജഡേജ ഈ നേട്ടത്തിലെത്തുന്നത്. 16 തവണ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനെ മറികടന്നാണ് ജഡേജയുടെ മുന്നേറ്റം.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

രോഹിത് ശര്‍മ-21

വിരാട് കോഹ്ലി-19

എം.എസ് ധോണി-18

രവീന്ദ്ര ജഡേജ-17

യുസഫ് പത്താന്‍-16

രവീന്ദ്ര ജഡേജ. Photo: IndianPremierLeague/x.com

അതേസമയം മത്സരത്തില്‍ രാജസ്ഥാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ജോഫ്ര ആര്‍ച്ചറാണ്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. നാന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ലഖ്‌നൗവിന് വേണ്ടി 41 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 55 റണ്‍സ് നേടിയ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ടോപ് സ്‌കോറര്‍. നിക്കോളാസ് പൂരന്‍ 25 പന്തില്‍ 22 റണ്‍സും നേടി.

Content Highlight: Ravindra Jadeja Create a Historical Record in IPL

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more