| Monday, 17th November 2025, 6:17 pm

അശ്വിന്‍ വാഴുന്ന റെക്കോഡ് ലിസ്റ്റിലേക്ക് ജഡേജയുടെ തേരോട്ടം; ഇവന്‍ സ്വന്തമാക്കിയത് മിന്നും മൈല്‍സ്‌റ്റോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി 150 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി സൂപ്പര്‍ താരം രവീന്ദ്ര ജഡേജ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലാണ് ജഡേജ ഈ നേട്ടത്തിലെത്തിയത്. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെയാണ് താരം ഈ മൈല്‍സ്‌റ്റോണ്‍ സ്വന്തമാക്കിയതും.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം എന്ന നേട്ടം സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമനാണ് ജഡേജ. ഒന്നാം സ്ഥാനത്തുള്ളത് മുന്‍ താരം ആര്‍. അശ്വിനാണ്. രണ്ടാം സ്ഥാനത്ത് ജസ്പ്രീത് ബുംറയുമുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ് (ഇന്നിങ്‌സ്)

ആര്‍. അശ്വിന്‍ – 195 (78)

ജസ്പ്രീത് ബുംറ – 183 (77)

രവീന്ദ്ര ജഡേജ – 150 (87)

മുഹമ്മദ് സിറാജ് – 137 (82)

അതേസമയം മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 15 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കാന്‍ സൗത്ത് ആഫ്രിക്കക്ക് സാധിക്കുകയും ചെയ്തു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടണ്‍ സുന്ദറാണ് പിടിച്ച് നിന്നത്. 92 പന്തില്‍ 31 റണ്‍സെടുത്താണ് സുന്ദര്‍ മടങ്ങിയത്. രവീന്ദ്ര ജഡേജ 26 പന്തില്‍ 18 റണ്‍സും അക്സര്‍ പട്ടേല്‍ 17 പന്തില്‍ 26 റണ്‍സും എടുത്ത് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.

മറ്റാര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. പരിക്കേറ്റ ക്യാപ്റ്റന്‍ ഗില്‍ ബാറ്റിങ്ങിന് ഇറങ്ങാത്തതിനാല്‍ സൗത്ത് ആഫ്രിക്ക വിജയം ഉറപ്പിക്കുകയായിരുന്നു. പ്രോട്ടിയാസിനായി ഹാര്‍മാര്‍ നാല് വിക്കറ്റും യാന്‍സെന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. കോര്‍ബിന്‍ ബോഷും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: Ravindra Jadeja Complete 150 Wickets In WTC For India

We use cookies to give you the best possible experience. Learn more