| Wednesday, 17th December 2025, 9:00 pm

ജെന്‍- സി ഓഡിയന്‍സ് മോശം അഭിപ്രായം പറഞ്ഞ ഒരു സിനിമ കഴിഞ്ഞദിവസം ഞാന്‍ കണ്ടു, ഒരു തെറ്റും ആ സിനിമയിലില്ല: രവിചന്ദ്രന്‍ അശ്വിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രിക്കറ്റിന് പുറമെ സിനിമകളെക്കുറിച്ചുള്ള അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പലപ്പോഴും ശ്രദ്ധ നേടാറുള്ള വ്യക്തിയാണ് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. ഗലാട്ടാ പ്ലസ് കഴിഞ്ഞദിവസം സംഘടിപ്പിച്ച മെഗാ റൗണ്ട് ടേബിളില്‍ അശ്വിനും പങ്കെടുത്തിരുന്നു. 2025ലെ മികച്ച സിനിമകളെക്കുറിച്ചായിരുന്നു റൗണ്ട് ടേബിളിലെ പ്രധാന ചര്‍ച്ച.

ഗലാട്ടാ പ്ലസ് റൗണ്ട് ടേബിളില്‍ രവിചന്ദ്രന്‍ അശ്വിന്‍ Photo: Screen grab/ Galatta Plus

ചര്‍ച്ചക്കിടെ അശ്വിന്‍ പറഞ്ഞ കാര്യം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായി. ഓണ്‍ലൈനില റിവ്യൂകള്‍ പലരെയും വലിയ രീതിയില്‍ സ്വാധീനിക്കുന്നു എന്നാണ് അശ്വിന്‍ അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പിലെത്തിയ തമിഴ് ചിത്രം കൂലിയെ ഉദാഹരണമാക്കിയാണ് അശ്വിന്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘ജെന്‍- സി ഓഡിയന്‍സ് മോശം അഭിപ്രായം പറഞ്ഞ ചിത്രമായിരുന്നു കൂലി. അവര്‍ക്കാര്‍ക്കും സിനിമ ഇഷ്ടമായില്ലെന്നായിരുന്നു ഭൂരിഭാഗം റിവ്യൂകളും. എന്നാല്‍ ആ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ട്. അടുത്തിടെ ഒ.ടി.ടിയിലെത്തിയപ്പോള്‍ ആ സിനിമ ഞാന്‍ കണ്ടു. ഒറ്റയിരുപ്പിനാണ് ഞാന്‍ കൂലി കണ്ടുതീര്‍ത്തത്. വേറൊരു കാര്യത്തിലേക്കും അതിനിടക്ക് ശ്രദ്ധ പോയില്ല.

ഒ.ടി.ടിയില്‍ സിനിമകള്‍ കാണുമ്പോള്‍ എന്റെ രീതി അങ്ങനെയാണ്. കൂലി ഒ.ടി.ടിയില്‍ കണ്ടപ്പോള്‍ എനിക്ക് മിസ്‌റ്റേക്കൊന്നും തോന്നിയില്ല. പടം കണ്ടുകഴിഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ അഭിപ്രായങ്ങള്‍ക്ക് എന്നെയും സ്വാധീനിക്കാന്‍ കഴിയുമെന്ന വസ്തുത ഞാന്‍ തിരിച്ചറിഞ്ഞു. ഇന്ന് പലരുടെയും അവസ്ഥ ഇങ്ങനെയൊക്കെയാണ്,’ അശ്വിന്‍ പറയുന്നു.

പണ്ടുമുതലേ സിനിമകള്‍ കാണുന്നയാളാണ് താനെന്ന് അശ്വിന്‍ പറഞ്ഞു. തിയേറ്ററില്‍ പോയി സിനിമ കാണാന്‍ ഒരുപാട് ആഗ്രഹമുള്ള ആളാണ് താനെന്നും പല സിനിമകളും അത്തരത്തില്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് സിനിമയായാലും തിയേറ്ററില്‍ നിന്ന് കാണാനാണ് താന്‍ കൂടുതലും ശ്രമിച്ചിട്ടുള്ളതെന്നും അശ്വിന്‍ പറയുന്നു.

‘സിനിമ കാണുക എന്നത് എനിക്ക് ഒരു പഠനമാണ്. കാരണം, സിനിമ കാണുമ്പോള്‍ മറ്റൊരാളുടെ കഥ ഞാന്‍ ശ്രദ്ധിക്കുകയാണ്. അപ്പോള്‍ ആ ഒരു അനുഭവം എന്നെ വല്ലാതെ ഹിറ്റ് ചെയ്യും. ഈ വര്‍ഷം ഞാന്‍ ഏറെ എന്‍ജോയ് ചെയ്ത് കണ്ട സിനിമ ടൂറിസ്റ്റ് ഫാമിലിയാണ്. പിന്നീട് എന്നെ വല്ലാതെ ടച്ച് ചെയ്ത സിനിമ 3BHK യാണ്. വളരെ സിമ്പിളായിട്ടുള്ള കഥയാണ് രണ്ട് സിനിമകള്‍ക്കും. മലയാളത്തിലും നല്ല സിനിമകള്‍ ഈ വര്‍ഷം തേടിപ്പിടിച്ച് കണ്ടിട്ടുണ്ട്,’ അശ്വിന്‍ പറഞ്ഞു.

Content Highlight: Ravichandran Ashwin saying he liked Coolie movie despite the negative reviews in Online

We use cookies to give you the best possible experience. Learn more