| Saturday, 25th April 2020, 2:30 pm

രവി വള്ളത്തോള്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:പ്രശസ്ത സിനിമാ-സീരിയല്‍ താരം രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പ്രശസ്ത കവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തരവനാണ്.

1987 ല്‍ പുറത്തിറങ്ങി സ്വാതിതിരുന്നാളിലൂടെ അഭിനയരംഗത്തെത്തിയ താരം അന്‍പതോളം സിനിമകളില്‍ അഭിനയിച്ചു. എഴുത്തുകാരന്‍ കൂടിയായ രവിവള്ളത്തോള്‍ ഇരുപത്തി അഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. ഗാനരചയിതാവാണ് സിനിമാ രംഗത്തുതുടക്കം കുറിക്കുന്നത്.

1976-ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ‘താഴ്‌വരയില്‍ മഞ്ഞുപെയ്തു’ എന്ന ഗാനം എഴുതി രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങി. 1986-ല്‍ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റേതായിരുന്നു.

1986-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘വൈതരണി’ എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോള്‍ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ ടി.എന്‍. ഗോപിനാഥന്‍ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടര്‍ന്ന് ഏതാണ്ട് നൂറോളം സീരിയലുകളില്‍ രവിവള്ളത്തോള്‍ അഭിനയിച്ചു.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987-ല്‍ ഇറങ്ങിയ സ്വാതിതിരുനാള്‍ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടര്‍ന്ന് മതിലുകള്‍,കോട്ടയം കുഞ്ഞച്ചന്‍,ഗോഡ്ഫാദര്‍,വിഷ്ണുലോകം,സര്‍ഗം,കമ്മീഷണര്‍ എന്നിങ്ങനെ അന്‍പതോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1980 ജനുവരി1-നായിരുന്നു രവി വള്ളത്തോളിന്റെ വിവാഹം. ഭാര്യയുടെ പേര് ഗീതാലക്ഷ്മി. രവിവള്ളത്തോളും ഭാര്യയും ചേര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി ‘തണല്‍’ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നുണ്ട്.

മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവാണ്.

We use cookies to give you the best possible experience. Learn more