ആരുടെയും പിന്‍ബലമില്ലാതെ സിനിമാലോകത്തേക്ക് കടന്നുവന്ന് സൂപ്പര്‍സ്റ്റാറായി മാറിയ നടനാണ് രവി തേജ. റോം കോമില്‍ നിന്ന് പതിയെ ആക്ഷന്‍ ഴോണറിലേക്ക് ചുവടുമാറ്റിയ രവി തേജയെ മാസ് മഹാരാജ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി രവി തേജക്ക് ബോക്‌സ് ഓഫീസില്‍ കഷ്ടകാലമാണ്.
അവസാനം ചെയ്ത 16 സിനിമകളില്‍ 12ഉം പരാജയമായതിനാല്‍ രവി തേജ ട്രോള്‍ പേജുകളുടെ ഇരയായി മാറിയിരിക്കുകയാണ്. നല്ല സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കണമെന്ന ആരാധകരുടെ ആവശ്യത്തെപ്പോലും രവി തേജ പരിഗണിച്ചിരുന്നില്ല. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഭാരത മഹാസായുലകു വിജ്ഞാപതി എന്ന ചിത്രവും പരാജയമായിരിക്കുകയാണ്.
ഏഴ് സിനിമകള്‍ പരാജയമായിട്ടും താരത്തിന് വീണ്ടും ഓഫറുകള്‍ ലഭിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ രവി തേജ പുറത്തുവിട്ടു. ഇരുമുടി എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. കറുപ്പുടുത്ത് സ്വാമിയായി മകളെയും കൈയിലേന്തി നില്‍ക്കുന്ന രവി തേജയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്.
ഈയടുത്ത കാലത്ത് വന്നതില്‍ വെച്ച് മികച്ചൊരു പോസ്റ്ററാണ് ഇതെന്ന് രവി തേജയുടെ ആരാധകര്‍ അവകാശപ്പെടുന്നു. ഖുശി, ടക്ക് ജഗദീഷ്, മജിലി തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ശിവ നിര്‍വാണയാണ് ഇരുമുടിയുടെ സംവിധായകന്‍. പുഷ്പയുടെ നിര്‍മാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സാണ് ഇരുമുടിയുടെ നിര്‍മാതാക്കള്‍.
മലയാളത്തില്‍ ഹിറ്റായ മാളികപ്പുറത്തിന്റെ റീമേക്കാകും ഇരുമുടിയെന്നും റൂമറുകളുണ്ട്. ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെയാണ് രവി തേജ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഒരുപക്ഷേ, തുടര്‍പരാജയങ്ങള്‍ക്ക് ശേഷം രവി തേജയുടെ ഗംഭീര തിരിച്ചുവരവിന് ഇരുമുടി സാക്ഷ്യം വഹിക്കുമെന്നും ആരാധകര്‍ അവകാശപ്പെടുന്നു. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
തുടര്‍ച്ചയായി ആറ് സിനിമകളുടെ പരാജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഭാരത മഹാസായുലകു വിജ്ഞാപതി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രണ്ട് നായികമാര്‍ക്കൊപ്പമുള്ള രവി തേജയുടെ ഗ്ലാമര്‍ ഡാന്‍സും ഔട്ട്‌ഡേറ്റഡായിട്ടുള്ള കഥയുമെല്ലാം ചിത്രത്തിന് തിരിച്ചടിയായെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെട്ടത്.
തന്റെ പകുതി പ്രായം പോലുമില്ലാത്ത നായികമാര്‍ക്കൊപ്പം റൊമാന്‍സ് ചെയ്യുന്ന രവി തേജ മലയാളത്തിലെ ട്രോള്‍ പേജുകളുടെയും ഇരയാകാറുണ്ട്. അവസാന സിനിമയും ഇത്തരത്തില്‍ ട്രോള്‍ പേജുകളുടെ ഇരയായിരുന്നു. ഇരുമുടി കൂടി ഹിറ്റാകാതെ പോയാല്‍ രവി തേജയുടെ കരിയര്‍ തുലാസിലാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Ravi Teja’s new movie tilted as Irumudi