| Thursday, 13th August 2026, 4:40 pm

ഐറ്റം ഡാന്‍സുമില്ല, നായികയുമായി അനാവശ്യ റൊമാന്‍സുമില്ല.... ഇത്തവണ രവിയേട്ടന്‍ കംബാക്കടിക്കുമെന്ന് ആരാധകര്‍

അമര്‍നാഥ് എം.

തെലുങ്കിലെ ടോപ് താരങ്ങളിലൊരാളാണ് രവി തേജ. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ കടന്നുവന്ന് ടോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു. റൊമാന്റിക്- കോമഡി സിനിമകളിലൂടെ പ്രേക്ഷകമനസില്‍ ഇടംനേടിയ രവി തേജ പിന്നീട് ആക്ഷന്‍ റോളുകളിലേക്കും കളം മാറ്റി. മാസ് മഹാരാജ എന്ന വിളിപ്പേരും ആരാധകര്‍ രവിതേജക്ക് സാധിച്ചു.

എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി ബോക്‌സ് ഓഫീസില്‍ രവി തേജക്ക് അത്ര നല്ലകാലമല്ല. താരം നായകനായ അവസാനത്തെ ഏഴ് സിനിമകളും ബോക്‌സ് ഓഫീസില്‍ വന്‍ ഫ്‌ളോപ്പായിരുന്നു. ടൈര്‍ 2ല്‍ നിന്ന് ടൈര്‍ 4ലേക്ക് താരം പിന്തള്ളപ്പെട്ടു. വലിയ പ്രതീക്ഷയോടെ രവി തേജ നായകനായെത്തിയ പല സിനിമകളും നിരാശപ്പെടുത്തി.

എല്ലാ സിനിമയിലും അനാവശ്യ റൊമാന്‍സും പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായുള്ള ഡാന്‍സും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആരാധകരില്‍ ചിലര്‍ ഇതിനെക്കുറിച്ച് സംസാരിച്ചതെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ രവി തേജക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സൂപ്പര്‍ഹിറ്റ് ലഭിക്കാന്‍ പോകുന്നതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഇരുമുടിയുടെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മൊത്തത്തില്‍ മറ്റൊരു ട്രാക്ക് പിടിച്ച രവി തേജയെയാണ് ട്രെയ്‌ലറില്‍ കാണാന്‍ സാധിച്ചത്. ഫാമിലി ആക്ഷന്‍ ത്രില്ലറായാണ് ഇരുമുടി ഒരുങ്ങുന്നതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. അമിതമായ മദ്യപാനം കാരണം നാട്ടില്‍ തല്ലുംപിടിയുമായി നടക്കുന്ന നായകന്‍ ശബരിമലക്ക് പോകാന്‍ മാലയിടുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥയെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്.

രവി തേജയുടെ മുന്‍ ചിത്രങ്ങളില്‍ കാണുന്നതുപോലെ ഐറ്റം ഡാന്‍സും നായികമാരുമായുള്ള അനാവശ്യ റൊമാന്‍സും ഇല്ലെന്നത് ആരാധകര്‍ക്ക് ആവേശം നല്‍കുന്നുണ്ട്. റൂട്ടഡായിട്ടുള്ള കഥാപാത്രം രവി തേജയില്‍ ഭദ്രമാണെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്. ഫാമിലി ഇമോഷന് പുറമെ കുറച്ച് ആക്ഷനും ഇരുമുടിയുടെ ഹൈപ്പ് ഉയര്‍ത്തുന്നുണ്ട്.

പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക. മലയാളി താരമായ സ്വാസിക ഇരുമുടിയില്‍ നെഗറ്റീവ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതും പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ജി.വി പ്രകാശിന്റെ സംഗീതവും ഇരുമുടിയുടെ ഹൈപ്പ് ഉയര്‍ത്തുന്നുണ്ട്. ആറ് വര്‍ഷത്തിന് ശേഷം മാസ് മഹാരാജക്ക് ഒരു ഹിറ്റ് ലഭിക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Content Highlight: Ravi Teja’s Irumudi movie trailer getting good impressions

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more