തെലുങ്കിലെ മുന്‍നിര താരങ്ങളിലൊരാളാണ് രവി തേജ. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമാലോകത്തേക്ക് കടന്നുവന്ന രവി തേജ വളരെ വേഗത്തില്‍ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി. ആക്ഷനും മാസും കോമഡിയും ഒരുപോലെ വഴങ്ങുന്ന രവി തേജക്ക് മാസ് മഹാരാജ എന്ന് ആരാധകര്‍ വിളിപ്പേര് നല്‍കി.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോക്‌സ് ഓഫീസില്‍ രവി തേജക്ക് അത്ര നല്ല കാലമല്ല. വന്‍ ഹൈപ്പിലെത്തുന്ന താരത്തിന്റെ സിനിമകളെല്ലാം ബജറ്റ് പോലും തിരിച്ചുകിട്ടാതെ പരാജയമാവുകയാണ്. പ്രായത്തിന് ചേര്‍ന്ന കഥകള്‍ തെരഞ്ഞെടുക്കാനും പകുതി പ്രായം പോലുമില്ലാത്ത നായികമാര്‍ക്കൊപ്പം ഡാന്‍സ് ചെയ്യരുതെന്നുമെല്ലാം ആവശ്യപ്പെട്ട് അടുത്തിടെ രവി തേജയുടെ ആരാധകന്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു.
രവി തേജ Photo: Screen grab/ Saregama Telugu
എന്നാല്‍ ആരൊക്കെ ഉപദേശിച്ചാലും മാറില്ല എന്ന ചിന്താഗതിയാണ് രവി തേജക്കെന്നാണ് പുതിയ വിമര്‍ശനം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭാരത മഹാസായുലകു വിജ്ഞാപതി (BMW)ലെ പുതിയ ഗാനം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ആശിക രംഗനാഥ്, ഡിംപിള്‍ കപാഡിയ എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രവി തേജക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
തുടര്‍ച്ചയായി ആറ് സിനിമകള്‍ പരാജയപ്പെട്ടാലും പകുതി പ്രായം മാത്രമുള്ള നായികമാര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നത് നിര്‍ത്തില്ല എന്നാണ് പലരും വിമര്‍ശിക്കുന്നത്. ഇപ്പോഴും ഗ്ലാമര്‍ ഗാനങ്ങളും രണ്ട് നായികമാരും എന്ന ആശയം മാത്രമാണ് രവി തേജയുടെ മനസില്‍ എന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഈ സിനിമയുടെ ബോക്‌സ് ഓഫീസ് റിസല്‍ട്ട് ഇപ്പോള്‍ തന്നെ ഉറപ്പിക്കാമെന്നും ട്രോളുകളുണ്ട്.
‘സിനിമാലോകം മൊത്തം മാറിയാലും ഇയാള്‍ക്ക് മാറാന്‍ യാതൊരു ഉദ്ദേശവുമില്ല’, ‘അണ്ണന്‍ ട്രാക്ക് മാറാന്‍ ഉദ്ദേശിക്കില്ല’ ‘സ്‌ക്രിപ്റ്റിനെക്കാള്‍ നായികമാര്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരേയൊരു നടന്‍’, ‘ജീവിക്കുമ്പോള്‍ ഇയാളെപ്പോലെ ജീവിക്കണം. എത്ര പടം ഫ്‌ളോപ്പായാലും അതൊന്നും ബാധിക്കാതെ അടുത്ത പടവും ഫ്‌ളോപ്പാക്കുന്ന ടെക്‌നിക് അടിപൊളി’ എന്നിങ്ങനെയാണ് കമന്റുകള്‍.
2021ല്‍ റിലീസായ ക്രാക്ക് ആണ് രവി തേജയുടെ അവസാന ഹിറ്റ്. പിന്നാലെ എത്തിയ ഖിലാഡി, രാമറാവു ഓണ്‍ ഡ്യൂട്ടി, രാവണാസുര, ടൈഗര്‍ നാഗേശ്വര റാവു, ഈഗിള്‍, മിസ്റ്റര്‍ ബച്ചന്‍, മാസ് ജാതര എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. 2022ല്‍ റിലീസായ ധമാക്ക ശരാശരി വിജയം മാത്രം സ്വന്തമാക്കിയെങ്കിലും നിര്‍മാതാവിന് പ്രതീക്ഷിച്ച ലാഭം ലഭിച്ചില്ല.
57ാം വയസിലും നായികമാര്‍ക്കൊപ്പം ഗ്ലാമര്‍ ഗാനരംഗങ്ങളില്‍ ആടിത്തിമിര്‍ക്കുന്ന ചുരുക്കം താരങ്ങളിലൊരാളാണ് രവി തേജ. നായികമാരെ ഗ്ലാമര്‍ ഷോയ്ക്ക് മാത്രം ഉപയോഗിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ടോളിവുഡ് ഈ രീതി എന്ന് മാറ്റുമെന്നാണ് പലരും ചോദിക്കുന്നത്. പുതിയ തലമുറയിലെ നായകന്മാര്‍ ഇതില്‍ വ്യത്യസ്തരാണെന്നത് ആശ്വാസം നല്‍കുന്നുണ്ട്.
Content Highlight: Ravi Teja gets criticisms for New song with two heroines