| Tuesday, 1st September 2026, 9:14 pm

ഇരുമുടിക്ക് വേണ്ടി ഒരുരൂപ പോലും പ്രതിഫലം വാങ്ങിയില്ല, പടം ഹിറ്റായപ്പോള്‍ അതിരടി ലാഭവുമായി രവി തേജ

അമര്‍നാഥ് എം.

തെലുങ്കിലെ മുന്‍നിര താരങ്ങളിലൊരാളാണ് രവി തേജ. നൊപ്പോട്ടിസം കൊടികുത്തി വാഴുന്ന തെലുങ്ക് സിനിമയില്‍ ഒറ്റക്ക് വഴിവെട്ടി വന്ന് സൂപ്പര്‍സ്റ്റാറായി മാറാന്‍ രവി തേജക്ക് സാധിച്ചു. മാസ് മഹാരാജ എന്ന് ആരാധകര്‍ വിശേഷിപ്പിച്ച രവി തേജക്ക് കഴിഞ്ഞ കുറച്ച് കാലമായി ബോക്‌സ് ഓഫീസില്‍ അത്ര നല്ല കാലമല്ലായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രവി തേജ നായകനായ എട്ട് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. ഇതോടെ താരത്തിന്റെ മാര്‍ക്കറ്റിന് വലിയ ഇടിവ് സംഭവിക്കുകയും ആരാധകര്‍ നിരാശരാവുകയും ചെയ്തു. ഇപ്പോഴിതാ രവി തേജ ട്രാക്ക് മാറ്റി ചെയ്ത ഇരുമുടി വന്‍ വിജയമായി മാറിയിരിക്കുകയാണ്. ആരാധകര്‍ കാണാനാഗ്രഹിച്ച രീതിയില്‍ മാസ് മഹാരാജയെ ലഭിച്ച ചിത്രം 100 കോടിയും കടന്ന് കുതിപ്പ് തുടരുകയാണ്.

ചിത്രത്തിനായി രവി തേജ ഒരുരൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ഒരു സിനിമക്ക് 10 മുതല്‍ 12 കോടി വരെ പ്രതിഫലം വാങ്ങിക്കൊണ്ടിരുന്ന രവി തേജ ഇരുമുടിയില്‍ മാറി ചിന്തിക്കുകയായിരുന്നു. പ്രതിഫലത്തിന് പകരം ഇരുമുടിയുടെ തെലങ്കാന റൈറ്റ്‌സ് രവി തേജ ചോദിച്ചു വാങ്ങുകയും ചെയ്തു.

ഇതോടെ വന്‍ ലാഭമാണ് താരത്തിന് ലഭിച്ചത്. തെലങ്കാനയില്‍ നിന്ന് മാത്രം 70 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കി. ആകെ കളക്ഷന്റെ 60 ശതമാനം നിര്‍മാതാക്കള്‍ക്ക് പോയാലും 40 കോടിക്കടുത്ത് വിതരണക്കാരനായ രവി തേജക്ക് ലഭിക്കും. സാധാരണയായി ഒരു നടനും ചെയ്യാത്ത വ്യത്യസ്തമായ കാര്യമാണ് രവി തേജ ചെയ്തിരിക്കുന്നതെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

അടുത്തൊന്നും വലിയ റിലീസില്ലാത്തതിനാല്‍ തെലങ്കാനയില്‍ നിന്ന് മാത്രം 100 കോടിക്കടുത്ത് ഇരുമുടി നേടാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. മറ്റാരും ചിന്തിക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതോടെ അതിരടി ലാഭം രവി തേജക്ക് വന്നു ചേര്‍ന്നിരിക്കുകയാണ്. ഇരുമുടിയുടെ വിജയം ആവര്‍ത്തിക്കാനായാല്‍ തെലുങ്ക് ഇന്‍ഡസ്ട്രിയിലെ പഴയ സ്ഥാനം മാസ് മഹാരാജ സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍.

പേരില്‍ ഇരുമുടി എന്നുണ്ടെങ്കിലും ഭക്തി സിനിമയായിട്ടല്ല ഇത് ഒരുക്കിയിട്ടുള്ളത്. തെലുങ്ക് റൂറല്‍ മാസ് സിനിമകളുടെ ടെംപ്ലേറ്റ് തന്നെയാണ് ഇരുമുടിക്കും. നായികമാര്‍ക്കൊപ്പം അനാവശ്യ റൊമന്‍സൊന്നുമില്ലാത്ത, സാധാരണക്കാരനായ രവി തേജയാണ് ചിത്രത്തിന്റെ പോസിറ്റീവ്. ശിവ നിര്‍വാണ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായി മാറിക്കഴിഞ്ഞു.

Content Highlight: Ravi Teja brought the Telangana rights of Irumudi movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more