| Friday, 21st August 2026, 6:00 pm

സൂര്യയും നിവിന്‍ പോളിയും മാത്രമല്ല, തെലുങ്കില്‍ രവിയണ്ണനും കംബാക്കടിച്ചിട്ടുണ്ട്... ഗംഭീര പ്രതികരണവുമായി ഇരുമുടി

അമര്‍നാഥ് എം.

ഒരുകാലത്ത് ഇന്‍ഡസ്ട്രിയില്‍ തിളങ്ങിനിന്ന്, പിന്നീട് പരാജയങ്ങളുടെ പരമ്പര നേരിടേണ്ടി വന്നവര്‍ എല്ലാ ഇന്‍ഡസ്ട്രിയിലുമുണ്ടാകും. ഓരോ സിനിമയും പ്രതീക്ഷക്കൊത്ത് ഉയരാതെ പോകുമ്പോള്‍ ഈ താരങ്ങളുടെ ആരാധകര്‍ നിരാശയിലാവുകയും ഒരു സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയാല്‍ അവര്‍ ആഘോഷിക്കപ്പെടുകയും ചെയ്യും.

മലയാളത്തില്‍ നിവിന്‍ പോളി, തമിഴില്‍ സൂര്യ എന്നിവര്‍ അടുത്തിടെയാണ് ഈ അവസ്ഥ തരണം ചെയ്തത്. 13 വര്‍ഷത്തോളം നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന സൂര്യ കറുപ്പിലൂടെ കംബാക്കടിച്ചപ്പോള്‍ സര്‍വ്വം മായയാണ് നിവിന് തിരിച്ചുവരവൊരുക്കിയത്. ഈ രണ്ട് പേര്‍ക്കും ശേഷം വലിയൊരു കംബാക്ക് നടത്തിയിരിക്കുകയാണ് തെലുങ്ക് താരം രവി തേജ.

ഒരുകാലത്ത് തെലുങ്കില്‍ തിളങ്ങിനിന്ന രവി തേജക്ക് കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോക്‌സ് ഓഫീസില്‍ കഷ്ടകാലമായിരുന്നു. തൊടുന്നതെല്ലാം പരാജയമായ രവി തേജ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. ഇപ്പോഴിതാ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രവി തേജയുടെ ഒരു ചിത്രത്തിന് പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുകയാണ്.

ശിവ നിര്‍വാണ സംവിധാനം ചെയ്ത ഇരുമുടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫീല്‍ ഗുഡ് ഴോണറില്‍ കുറച്ച് ആക്ഷന്‍ എലമെന്റുകളും ചേര്‍ത്ത് ഒരുക്കിയ ചിത്രം വന്‍ വിജയമാകുമെന്ന് ഉറപ്പായി. സമീപകാലത്ത് രവി തേജയുടെ സിനിമകളില്‍ കണ്ടിരുന്ന അനാവശ്യ റൊമാന്‍സും വള്‍ഗര്‍ ഡയലോഗുകളൊന്നും ഇരുമുടിയിലില്ല.

മദ്യാപന ആസക്തിയുള്ള സാധാരണക്കാരനായ കുടുംബസ്ഥനായാണ് രവി തേജ ഇരുമുടിയില്‍ വേഷമിടുന്നത്. തന്റെ മദ്യപാനം കാരണം കുടുംബം കഷ്ടപ്പെടുന്നത് കണ്ട നായകന്‍ ശബരിമലക്ക് പോകാന്‍ മാലയിടുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഈ വര്‍ഷത്തെ അടുത്ത സൂപ്പര്‍ഹിറ്റ് ഇരുമുടിയിലൂടെ രവി തേജ സ്വന്തമാക്കുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.

പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക. മലയാളി താരം സ്വാസികയാണ് ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രമായി വേഷമിടുന്നത്. റിലീസിന് മുമ്പ് തന്നെ ഹിറ്റാണെന്ന് ആരാധകര്‍ പ്രവചിച്ചിരുന്നു. കരിയറിലെ ആദ്യ 100 കോടി ഇരുമുടിയിലൂടെ രവി തേജ സ്വന്തമാക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Content Highlight: Ravi Taj’s comeback in Irumudi movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more