| Saturday, 31st October 2026, 8:37 am

സഞ്ജുവിനെക്കുറിച്ച് എനിക്ക് ഒരു പരാതി മാത്രമേയുള്ളൂ: രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുന്നിൽ ഇന്ത്യൻ താരം രവി ശാസ്ത്രി. സഞ്ജു രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണെന്നാണ് ശാസ്ത്രി പറഞ്ഞത്.

എന്നാൽ സഞ്ജുവിനെ കുറിച്ച് തനിക്ക് ഒരു പരാതി മാത്രമേയുള്ളൂവെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയെ കുറിച്ചായിരുന്നു മുൻ ഇന്ത്യൻ താരം സംസാരിച്ചത്. ന്യൂസിലാൻഡിനെതിരെയുള്ള നാലാം ടി-20 മത്സരത്തിനിടെയായിരുന്നു ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.

‘രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് സഞ്ജു സാംസൺ. ടി-20 ലോകകപ്പിലെ മികച്ച പ്രകടനം അടക്കം താൻ എത്രത്തോളം കഴിവുള്ളവനാണ് അദ്ദേഹം പലതവണ തെളിയിച്ചിട്ടുണ്ട്. എന്നാൽ സഞ്ജുവിനെക്കുറിച്ച് എനിക്ക് ഒരു പരാതി മാത്രമേയുള്ളൂ. അത് അദ്ദേഹത്തിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ്. പലപ്പോഴും ഒറ്റ സ്കൊറുകളിൽ അദ്ദേഹം പുറത്താകുന്നു. ഇക്കാര്യത്തിൽ അദ്ദേഹം തീർച്ചയായും ശ്രദ്ധിക്കണം. ലോകകപ്പിന് ശേഷമുള്ള അദ്ദേഹത്തിന്റെ സ്‌കോറുകൾ പരിശോധിച്ചാൽ ഏകദേശം 60 ശതമാനവും ഒറ്റയക്കങ്ങൾ ആണെന്ന് കാണാം. ഇത് അദ്ദേഹത്തിന്റെ പ്രകടനങ്ങളിലെ സ്ഥിരതയില്ലായ്മയെയാണ് എടുത്തുകാണിക്കുന്നത്,’ രവി ശാസ്ത്രി പറഞ്ഞു.

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടി കളിയിലെ താരമായ സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. മൂന്നാം മത്സരത്തിൽ സഞ്ജു സാംസൺ തന്റെ ഓപ്പണിങ് പൊസിഷൻ യുവതാരം വൈഭവ് സൂര്യവംശിക്ക് കൈമാറിയിരുന്നു. നാലാം മത്സരത്തിൽ ഓപ്പണിങ് പൊസിഷനിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസൺ രണ്ട് പന്തിൽ നാല് റൺസ് മാത്രമാണ് നേടിയത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ 33 പന്തിൽ നിന്നും 67 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ്‌ മലയാളി താരം അടിച്ചെടുത്തത്. അഞ്ചാം മത്സരത്തിലും സഞ്ജുവിന്റെ ബാറ്റിൽ നിന്നും വെടിക്കെട്ട് പ്രകടനം ഉണ്ടാവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം ഈഡൻ പാർക്കിൽ നടന്ന നാലാം മത്സരത്തിൽ 87 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യക്കെതിരെ കിവീസ് സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

Content Highlight: Ravi Shastri talks about Sanju Samson

Latest Stories

We use cookies to give you the best possible experience. Learn more