ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയ്മില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി ഇടം നേടിയിരുന്നു. അതോടെ ഐ.സി.സിയുടെ അതുല്യ പ്രതിഭയ്ക്കുള്ള പുരസ്‌കാരത്തില്‍ ഇടം നേടുന്ന 11ാമത്തെ ഇന്ത്യക്കാരനായി ധോണി. കഴിഞ്ഞ ദിവസമാണ് (ജൂൺ 9) ഐ.സി.സി താരത്തിനെ ഈ ബഹുമതിയിൽ ഉൾപ്പെടുത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഏകദേശം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ആരാധകരുടെ ക്യാപ്റ്റൻ കൂളിന് ഈ അവാർഡ് ലഭിക്കുന്നത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ ധോണിയെ തേടി ഇത്തരമൊരു ബഹുമതി എത്തിയതിൽ പ്രശംസിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്ത്രി.
ധോണിയുടെ കൈകൾക്ക് പോക്കറ്റടിക്കാരനെക്കാൾ വേഗതയുണ്ടെന്നും ആരും തങ്ങളുടെ പിന്നിൽ ധോണിയുണ്ടാവാൻ ആഗ്രഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എത്ര വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാലും ചെറിയ സ്കോർ നേടിയാലും ഒരുപോലെയാണ് താരം പെരുമാറുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പോക്കറ്റടിക്കാരനെക്കാൾ വേഗതയുള്ളതാണ് ധോണിയുടെ കൈകൾ. നിങ്ങൾ എപ്പോഴെങ്കിലും ഇന്ത്യയിൽ, പ്രത്യേകിച്ച് അഹമ്മദാബാദിൽ ഒരു വലിയ മത്സരത്തിന് പോകുകയാണെങ്കിൽ, എം.എസ് നിങ്ങളുടെ പിന്നിൽ ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുക. അവൻ നിങ്ങളുടെ പിന്നിലുണ്ടെങ്കിൽ നിങ്ങളുടെ പേഴ്സിൽ ശ്രദ്ധിക്കുക; അത് അപ്രത്യക്ഷമാകും.
പൂജ്യം സ്കോർ ചെയ്താലും, ലോകകപ്പ് നേടിയാലും, സെഞ്ച്വറി നേടിയാലും, ഡബിൾ സെഞ്ച്വറി നേടിയാലും, എല്ലാം അവന് ഒരുപോലെയാണ്. അവന്റെ പെരുമാറ്റം ഒരിക്കലും മാറില്ല. ഒരു വ്യത്യാസവുമുണ്ടാവില്ല,’ ശാസ്ത്രി പറഞ്ഞു.
ധോണിയടക്കം ഏഴ് പേരാണ് പുതുതായി ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ചത്. ഇതോടെ ഹാൾ ഓഫ് ഫെയിമിലെ ആകെ അംഗങ്ങളുടെ എണ്ണം 115 ആയി. ന്യൂസിലന്‍ഡിന്റെ ഡാനിയേല്‍ വെട്ടോറി, ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, ഹാഷിം അംല, ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡന്‍ പാകിസ്ഥാന്റെ സന മിര്‍, ഇംഗ്ലണ്ടിന്റെ സാറ ടൈലര്‍ എന്നിവരുമാണ് ധോണിക്കൊപ്പം ഹാൾ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തിയത്.
Content Highlight: Ravi Shastri talks about MS Dhoni