| Tuesday, 10th December 2024, 8:35 pm

കിട്ടിയത് തിരിച്ചുകൊടുക്കണം; ഇന്ത്യന്‍ പേസര്‍ക്ക് പിന്തുണയുമായി രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.

ആദ്യ ഇന്നിങ്സില്‍ ഓസീസിന് വേണ്ടി അഞ്ചാമനായി ഇറങ്ങിയ ട്രാവിസ് ഹെഡിന്റെ 140 റണ്‍സിന്റെ കിടിലന്‍ ബാറ്റിങ്ങില്‍ ഇന്ത്യ പേടിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ മുഹമ്മദ് സിറാജിന്റെ യോര്‍ക്കറില്‍ ഹെഡ് ക്ലീന്‍ ബൗള്‍ഡായിരുന്നു. വിക്കറ്റ് നേടിയ ശേഷം അഗ്രസീവായി സിറാജ് പ്രകടനം നടത്തിയതോടെ ഇരുവരും പരസ്പരം ആക്ഷേപിക്കുകയും ഐ.സി.സിയുടെ പെരുമാറ്റ ചട്ടലംഘനത്തിന് ശിക്ഷിക്കപ്പെടുകയുമുണ്ടായിരുന്നു.

ഇതോടെ പല മുന്‍ താരങ്ങളും സിറാജിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ തന്റെ അഗ്രസീവ് മനോഭാവം തുടരാന്‍ സിറാജിന് പിന്തുണ നല്‍കി സംസാരിക്കുകയാണ് രവി ശാസ്ത്രി.

‘സിറാജും ഹെഡും പക്വതയുള്ള വ്യക്തികളായതിനാല്‍ ഇതിനകം തന്നെ പ്രശ്‌നം പരിഹരിച്ചു. ഒരു ബാറ്റര്‍ സിക്‌സറിന് അടിച്ചതിന് ശേഷം ഒരു പേസറില്‍ നിന്ന് മറ്റൊന്നും ഞാന്‍ പ്രതീക്ഷിക്കില്ല. ഫാസ്റ്റ് ബൗളറുടെ പ്രതികരണം ഇങ്ങനെയാണ്. അത് മറ്റേതെങ്കിലും തരത്തിലാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു,

ഞാന്‍ കളിക്കുമ്പോള്‍, കിട്ടിയത് തിരികെ നല്‍കണമെന്നതായിരുന്നു തത്വശാസ്ത്രം, ഓസ്ട്രേലിയയില്‍ ഇന്ത്യയെ പരിശീലിപ്പിക്കുമ്പോള്‍ ഞാന്‍ എന്റെ കളിക്കാരോട് പറഞ്ഞതും ഇതാണ്. പിന്നോട്ട് ഒരിക്കലും ചുവടുവെയ്ക്കരുത്. അത് ടീമിന്റെ തത്വശാസ്ത്രമായി മാറി. ടീമിലെ എല്ലാ ക്രിക്കറ്റ് താരങ്ങളും അത് ഓസീസിന് തിരികെ നല്‍കി,’ അദ്ദേഹം പറഞ്ഞു.

Content Highlight: Ravi shastri Support Indian Pace Bowler Mohammad Siraj

Latest Stories

We use cookies to give you the best possible experience. Learn more