ഇന്ത്യയുടെ എക്കാലത്തെയും മികച്ച കോച്ച്-ക്യാപ്റ്റന്‍ കോമ്പിനേഷനായിരുന്നു രവി ശാസ്ത്രിയുടെയും വിരാട് കോഹ്‌ലിയുടെയും. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതിഹാസ വിജയങ്ങളും മികച്ച മുഹൂര്‍ത്തങ്ങളും ആരാധകര്‍ക്ക് സമ്മാനിച്ചിരുന്നു.
ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നുള്ള വിരാടിന്റെ പടിയിറക്കവും വര്‍ഷങ്ങള്‍ക്ക് ശേഷം പെട്ടെന്നുള്ള വിരമിക്കലും ആരാധകരെ സംബന്ധിച്ച് ഒരു ഷോക്ക് തന്നെയായിരുന്നു.
ഇപ്പോള്‍ വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കുകയാണ് രവി ശാസ്ത്രി. വിരാട് കോഹ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഏറെ സങ്കടകരമായിരുന്നെന്നും വിരാട് ടെസ്റ്റ് ക്രിക്കറ്റിന്റെ അംബാസഡറായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.
താനായിരുന്നു പരിശീലകനെങ്കില്‍ ഇക്കഴിഞ്ഞ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ പരാജയത്തിന് പിന്നാലെ താരത്തെ ക്യാപ്റ്റനായി നിയമിക്കുമായിരുന്നു എന്നും ശാസ്ത്രി പറഞ്ഞു.
സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ ‘ഭാരത് തും ചലേ ചലോ: കഹാനി 2021-22 കി’ എന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-22ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ചുള്ളതാണ് ഡോക്യുമെന്ററി.
‘ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരാട് കോഹ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഏറെ സങ്കടപ്പെടുത്തുന്നതായിരുന്നു. അവന്‍ ഒരു മികച്ച താരമായിരുന്നു എന്നത് തന്നെയാണ് ഇതിന് കാരണവും. ഏറ്റവും മികച്ച താരം. നിങ്ങളില്ലാതാകുമ്പോള്‍ മാത്രമാണ്, നിങ്ങള്‍ എത്രത്തോളം മികച്ചതായിരുന്നു എന്ന് ആളുകള്‍ മനസിലാക്കുന്നത്.
സ്റ്റാറ്റുകള്‍ ഒരിക്കലും നീതി പുലര്‍ത്തുന്നതല്ല – എപ്രകാരം അദ്ദേഹമതിനെ മുമ്പോട്ട് കൊണ്ടുപോയി എന്നതിനെ കുറിച്ചാണ്, പ്രത്യേകിച്ചും വിദേശ പിച്ചുകളില്‍ ടെസ്റ്റ് മത്സരത്തിന്റെ അംബാസഡര്‍ എന്ന നിലയില്‍.
ലോര്‍ഡ്‌സില്‍ വിരാട് കളിച്ച രീതിയും ടീമിനൊപ്പം ചേര്‍ന്ന് കാര്യങ്ങള്‍ മാറ്റി മറിച്ചതും – ഇത് തീര്‍ത്തും അവിശ്വസനീയമായിരുന്നു. ഞാന്‍ അതിന്റെ ഭാഗമായിരുന്നു എന്നതില്‍ ഏറെ സന്തോഷവാനാണ്,’ ഡോക്യുമെന്ററിയുടെ പ്രൊമോയില്‍ ശാസ്ത്രി പറഞ്ഞു.
‘അവന് ഇപ്രകാരം പടിയിറങ്ങേണ്ടി വന്നു എന്നത് സങ്കടപ്പെടുത്തുന്നതാണ്. ഇത് കുറച്ചുകൂടി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നു. എനിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കില്‍, ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തൊട്ടുപിന്നാലെ അവനെ ക്യാപ്റ്റനാക്കുമായിരുന്നു,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 295 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയ ശേഷമായിരുന്നു ഇന്ത്യ പരമ്പര കൈവിട്ടത്.
രണ്ടാം മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യ മൂന്നാം ടെസ്റ്റ് സമനിലയിലെത്തിച്ചു. മെല്‍ബണില്‍ അരങ്ങേറിയ നാലാം ടെസ്റ്റില്‍ 184 റണ്‍സിന് പരാജയം സമ്മതിച്ച ഇന്ത്യ സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ ആറ് വിക്കറ്റിനും തോല്‍വിയേറ്റുവാങ്ങി.
സിഡ്‌നിയില്‍ വിജയിച്ചാല്‍ പരമ്പര സമനിലയിലെത്തിക്കാനും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനും ഇന്ത്യയ്ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അവസാന ടെസ്റ്റില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ പരാജയമേറ്റുവാങ്ങിയത്.
Content Highlight: Ravi Shastri says Virat Kohli’s Test retirement ‘could have been handled better