| Tuesday, 9th September 2025, 11:31 am

ഏഷ്യാ കപ്പ്: കുല്‍ദീപ് യാദവ് ഇന്ത്യയുടെ തുറുപ്പ് ചീട്ടാകും: മുന്‍ പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പിന് ഇന്ന് തിരി തെളിയും. അഫ്ഗാനിസ്ഥാനും ഹോങ് കൊങ്ങുമുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാവുക. ഡിഫന്‍ഡിങ് ചാമ്പ്യന്മാരും പുതിയ സീസണിലെ ഫേവറേറ്റുകളുമായ ഇന്ത്യ നാളെയാണ് ആദ്യ അങ്കത്തിന് ഇറങ്ങുക.

ഇപ്പോള്‍, ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണായകമാവുന്ന താരത്തെ പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മികച്ച ഫോമിലാണെന്നും ടൂര്‍ണമെന്റില്‍ ടീമിന്റെ നിര്‍ണായക ഘടകമാവുമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ശാസ്ത്രി.

‘കുല്‍ദീപ് യാദവ് ഇപ്പോള്‍ മികച്ച ഫോമിലാണെന്ന് ഞാന്‍ കരുതുന്നു. ഐ.പി.എല്ലില്‍ അവന്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. കളിക്കളത്തിലെ സാഹചര്യങ്ങളും ഇന്ത്യയുടെ പ്രതിഭ ധാരാളിത്തവും കാരണം അവന് ഇംഗ്ലണ്ടില്‍ അവസരം ലഭിച്ചില്ല.

എന്നാലും, ഏഷ്യാ കപ്പില്‍ അവന്‍ ഇന്ത്യയുടെ നിര്‍ണായക താരമാകും. കുല്‍ദീപിനൊപ്പം വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും ടീമില്‍ സ്വാധീനമുണ്ടാക്കും,’ ശാസ്ത്രി പറഞ്ഞു.

കുല്‍ദീപ് യാദവ് ചാമ്പ്യന്‍സ് ട്രോഫിയിലാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തില്‍ ഇറങ്ങിയത്. ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ കളിച്ച താരം ഏഴ് വിക്കറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ പിന്നീട് താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല.

കഴിഞ്ഞ മാസം സമാപിച്ച ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ കുല്‍ദീപ് ഇടം പിടിച്ചിരുന്നു. പക്ഷേ, പരമ്പരയില്‍ ഉടനീളം ബെഞ്ചിലിരിക്കാനായിരുന്നു താരത്തിന്റെ വിധി.

അതേസമയം, ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ കിരീടം ഉന്നം വെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. മോഹിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കീഴിലാണ് ഇന്ത്യന്‍ ടൂര്‍ണമെന്റിന് ഒരുങ്ങുന്നത്.

ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ യിലാണ് ഇന്ത്യയുടെ സ്ഥാനം. പതിവ് പോലെ ചിരവൈരികളായ പാകിസ്ഥാനും ഇതേ ഗ്രൂപ്പില്‍ തന്നെയാണ്. ഒമാന്‍, യു.എ.ഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

സെപ്റ്റംബര്‍ 10നാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇ യാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14നും 19നുമാണ് ഇന്ത്യയുടെ മറ്റ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. പാകിസ്ഥാനും ഒമാനുമാണ് ഈ മത്സരങ്ങളില്‍ ഇന്ത്യയ്ക്കെതിരെ എത്തുക.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Ravi Shastri says that Kuldeep Yadav would play a crucial role for Indian Cricket Team in Asia Cup

We use cookies to give you the best possible experience. Learn more