യുവതാരം വൈഭവ് സൂര്യവംശിയെ ഉടനെ തന്നെ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. അയര്‍ലാന്‍ഡില്‍ വെച്ച് തന്നെ വൈഭവ് സൂര്യവംശി കളിക്കേണ്ടതായിരുന്നുവെന്നും ഇംഗ്ലണ്ടില്‍ താരത്തെ ടീമിലുള്‍പ്പെടുത്തുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈഭവ് ഒരു എക്‌സ് ഫാക്ടറാണെന്നും ചെറുപ്പത്തിന്റെ ആവേശമുള്ളതുകൊണ്ട് അവന് ഒന്നിനെയും പേടിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യത്തെ രണ്ടോ മൂന്നോ ഓവറുകള്‍ മാത്രം ബാറ്റ് ചെയ്താല്‍ പോലും വൈഭവിന് വലിയൊരു തുടക്കം നല്‍കാന്‍ സാധിക്കുമെന്നും അതുകൊണ്ട് അവന് പ്ലെയിങ് ഇലവനില്‍ സ്ഥാനം നല്‍കേണ്ടതുണ്ടെന്നും ശാസ്ത്രി സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ കൂട്ടിച്ചേര്‍ത്തു.
‘അയര്‍ലാന്‍ഡില്‍ വെച്ച് തന്നെ വൈഭവ് സൂര്യവംശി കളിക്കേണ്ടതായിരുന്നു. അവിടെ സ്‌പോഞ്ചി ബൗണ്‍സുള്ള സ്ലോ ട്രാക്കായിരുന്നു. അത്തരമൊരു പിച്ചില്‍ അവന്‍ ബൗളര്‍മാരെ അടിച്ചുകൂട്ടിയേനെ. അതിനാല്‍ അവന്‍ അവിടെ കളിക്കേണ്ടതായിരുന്നു. എന്നാല്‍ ഇവിടെ ഇംഗ്ലണ്ടില്‍ അവനെ കളിപ്പിക്കുമോയെന്നത് എനിക്കുറപ്പില്ല.
എങ്കിലും, എത്രയും വേഗം വൈഭവിനെ കളിപ്പിക്കണം. ഐ.പി.എല്ലില്‍ എല്ലാവരെയും അവന്‍ തകര്‍ത്തു കളഞ്ഞു. ഏതെങ്കിലും ഒരു ഫാസ്റ്റ് ബൗളറെ അവന്‍ വെറുതെ വിട്ടിട്ടുണ്ടോ? എന്നിട്ടും അവനെ ബെഞ്ചില്‍ ഇരുത്താനാണോ നിങ്ങളുടെ തീരുമാനം? അവന്‍ ഒരു എക്‌സ് ഫാക്ടറാണ്. 15 വയസ് മാത്രം പ്രായമുള്ളതുകൊണ്ട് അവന് നഷ്ടപ്പെടാനൊന്നുമില്ല.
ചെറുപ്പത്തിന്റെ ആവേശമുള്ളതുകൊണ്ട് വൈഭവിന് ഒന്നിനെയും പേടിയില്ല. അവന്‍ ആദ്യത്തെ രണ്ടോ മൂന്നോ ഓവറുകള്‍ മാത്രം ബാറ്റ് ചെയ്താല്‍ പോലും, ടീമിന് അത് വലിയൊരു തുടക്കം നല്‍കും. അത് മുതലെടുക്കാന്‍ നമ്മുടെ മധ്യനിര ബാറ്റര്‍മാര്‍ക്ക് സാധിക്കും. അതുകൊണ്ട്, പ്ലെയിങ് ഇലവനില്‍ അവനായി ഒരു സ്ഥാനം കണ്ടെത്തുക തന്നെ വേണം. എത്ര നേരത്തെ അത് സംഭവിക്കുന്നുവോ അത്രയും നല്ലത്,’ ശാസ്ത്രി പറഞ്ഞു.
അയര്‍ലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള ടി – 20 സ്‌ക്വാഡില്‍ വൈഭവ് ഉള്‍പ്പെട്ടിട്ടുണ്ട്. അയര്‍ലാന്‍ഡിനെതിരെ താരത്തിന് ഒരു അവസരം ലഭിച്ചിരുന്നില്ല.
Content Highlight: Ravi Shastri says India should play Vaibhav Sooryavanshi as soon as possible