| Tuesday, 10th November 2026, 9:28 pm

മത്സരഫലം ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണവന്‍; പ്രശംസയുമായി രവി ശാസ്ത്രി

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. മത്സരഫലം ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് ഹര്‍ദിക്കെന്നും തിരിച്ചെത്തി തന്റെ കഴിവ് തെളിയിക്കാന്‍ കൂടുതല്‍ ആവേശത്തോടെയായിരിക്കും ഹര്‍ദിക് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.

‘എവിടെ കളിച്ചാലും പൂര്‍ണ കായികക്ഷമതയോടെയാണെങ്കില്‍ ടി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. മത്സരഫലം ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കഴിവുള്ള താരവുമാണ്. കുറച്ചുകാലമായി അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തിരിച്ചെത്തി തന്റെ കഴിവ് തെളിയിക്കാന്‍ കൂടുതല്‍ ആവേശത്തോടെയായിരിക്കും അദ്ദേഹം ഇറങ്ങുക.

ലോകത്തില്‍ മികച്ച ഓള്‍റൗണ്ടര്‍മാര്‍ വളരെ അപൂര്‍വമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികവ് പുലര്‍ത്താന്‍ കഴിയുന്ന അദ്ദേഹത്തെപ്പോലൊരു താരമുണ്ടെങ്കില്‍ ടീമിന്റെ സന്തുലിതാവസ്ഥ തന്നെ മെച്ചപ്പെടും. അതുവഴി ഒരു അധിക ബാറ്ററെയോ ബൗളറെയോ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇനിയും ഏറെ ക്രിക്കറ്റ് ബാക്കിയുള്ള ലോകോത്തര താരമാണ് അദ്ദേഹം,’ സോണി സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ രവി ശാസ്ത്രി പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ – Photo: Newsx

ഐ.പി.എല്‍ 2027ന് മുന്നോടിയായി ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിങ്‌സിന് കൈമാറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പകരം പഞ്ചാബിന്റെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ മുംബൈയിലെത്തിക്കാനാണ് നീക്കം. വൈകാതെ ഇവര്‍ തമ്മിലുള്ള ട്രേഡിങ് നടക്കുമെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളിലുള്ള പ്രധാന ചര്‍ച്ച.

അതേസമയം നവംബര്‍ 14ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡയുടെ 15 അംഗ ടീമില്‍ ഹര്‍ദിക്ക് ഇടം നേടിയിട്ടില്ല. സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയാണ് ടീമിന്റെ നായകന്‍. തുടര്‍ച്ചയായ പരിക്കുകളെത്തുടര്‍ന്ന് ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ താരം പുനരധിവാസത്തിലാണ് താരം.

Content Highlight: Ravi Shastri ralking About Hardik Pandya

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more