| Tuesday, 21st October 2025, 3:29 pm

വലിയ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുമ്പോള്‍ നിങ്ങള്‍ കുറച്ച് കഷ്ടപ്പെടും: രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയന്‍ പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറെ കാലത്തിന് ശേഷം കളത്തിലിറങ്ങിയ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഏറെ നിരാശപ്പെടുത്തിയാണ് മടങ്ങിയത്. 14 പന്തില്‍ ഒരു ഫോറടക്കം എട്ട് റണ്‍സ് നേടിയ രോഹിത് ജോഷ് ഹേസല്‍വുഡിന് മുന്നില്‍ വീഴുകയായിരുന്നു. വാനോളം പ്രതീക്ഷ നല്‍കിയ വിരാട് കോഹ്‌ലി രോഹിത്തിന് പിന്നാലെ ഡക്കായി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നും എടുക്കാതെയായിരുന്നു താരത്തിന്റെ മടക്കം. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്.

ഇപ്പോള്‍ രോഹിത്തിനെയും വിരാടിനെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവിശാസ്ത്രി. ഓസീസിനെതിരെ പെര്‍ത്തില്‍ ഇരുവരും മോശം പ്രകടനം നടത്തിയതില്‍ താരങ്ങളെ വിലയിരുത്തുന്നില്ലെന്നും വലിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുമ്പോള്‍ കുറച്ച് കഷ്ടപ്പാടുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘വലിയ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുമ്പോള്‍ നിങ്ങള്‍ കുറച്ച് കഷ്ടപ്പെടും. ഓസ്‌ട്രേലിയയില്‍ പിടിച്ച് നില്‍ക്കാനും റണ്‍സ് സ്‌കോര്‍ ചെയ്യാനും അത്ര എളുപ്പമല്ല. പരമ്പരയിലെ ആദ്യ മത്സരത്തിന് രണ്ട് ദിവസം മുമ്പ് പെര്‍ത്തിലെത്തിയാലൊന്നും ഓപ്പണിങ് കളിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

കാലത്തിന് മാത്രമേ അതിന് ഉത്തരം പറയാനാകൂ. അവര്‍ ഇനി അഡ്‌ലെയ്ഡില്‍ കളിക്കും, കാര്യങ്ങള്‍ ശരിയാക്കാന്‍ അവര്‍ക്ക് നെറ്റ്‌സിലേക്ക് മടങ്ങാനും പരിശീലിക്കാനും സമയമുണ്ട്. ഇപ്പോള്‍ ഞാന്‍ അവരെ വിലയിരുത്താന്‍ ആഗ്രഹിക്കുന്നില്ല,’ രവി ശാസ്ത്രി പറഞ്ഞു.

അതേസമയം ശാസ്ത്രിയുടെ വാക്കുകളോട് യോജിച്ചുകൊണ്ട് പരിശീലകനും മുന്‍ ഓസ്‌ട്രേലിയിന്‍ നായകനുമായ റിക്കി പോണ്ടിങ് സംസാരിച്ചിരുന്നു. 2027 ലോകകപ്പിന് തയ്യാറെടുക്കുന്നതിന് പകരം ചെറിയ ലക്ഷ്യങ്ങള്‍ക്കാണ് അവര്‍ തയ്യാറെടുക്കേണ്ടതെന്ന് പോണ്ടിങ് പറഞ്ഞു. രോഹിത്തും വിരാടും മികച്ച ബാറ്റര്‍മാരാണെന്നും അഡ്‌ലെയ്ഡ് ഓവല്‍ പിച്ചുകള്‍ അവര്‍ക്ക് ബാറ്റ് ചെയ്യാന്‍ അനുയോജ്യമാണെന്നും പോണ്ടിങ് പറഞ്ഞു.

‘കളിയില്‍ ഞാന്‍ എല്ലാം നേടിയെന്ന് കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല. 2027ലെ ലോകകപ്പില്‍ കളിക്കാന്‍ ശ്രമിക്കുന്നതിന് പകരം അവര്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ സ്ഥാപിക്കണം. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കാര്യങ്ങള്‍ എങ്ങനെ നേടാം എന്നതിനെക്കുറിച്ച് വിരാട് ഒരു പദ്ധതി തയ്യാറാക്കുമെന്ന് ഞാന്‍ കരുതുന്നു. ഇരുവരും മികച്ചവരാണ്, ഓസ്ട്രേലിയയില്‍ അവര്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തും. അഡലെയ്ഡ് ഓവല്‍ പിച്ച് ഏകദിനങ്ങളില്‍ ബാറ്റിങ്ങിന് എപ്പോഴും നല്ലതാണ്,’ പോണ്ടിങ് പറഞ്ഞു.

Content Highlight: Ravi Shastri And Rickey Ponting Talking About Virat Kohli And Rohit Sharma
We use cookies to give you the best possible experience. Learn more