| Wednesday, 10th September 2025, 8:28 pm

സംവിധാനം ചെയ്യുന്ന ആദ്യ സിനിമ തന്നെ എക്‌സ്ട്രാ ഓര്‍ഡിനറി, കിടിലന്‍ ടൈറ്റില്‍ പ്രൊമോയുമായി രവി മോഹനും യോഗി ബാബുവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിയറിലെ പുതിയ ട്രാക്കിലാണ് രവി മോഹന്‍. സിനിമാലോകത്ത് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇടക്ക് ഉയര്‍ന്നും താഴ്ന്നുമായിരുന്നു താരത്തിന്റെ കരിയര്‍ മുന്നോട്ടുപോയത്. രവി മോഹന്റേതായി അവസാനം പുറത്തിറങ്ങിയ പല ചിത്രങ്ങളും വേണ്ടത്ര സ്വീകരിക്കപ്പെട്ടിരുന്നില്ല. ഈയിടെ പേര് മാറ്റിയ താരം സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതും വലിയ വാര്‍ത്തയായിരുന്നു.

രവി മോഹന്‍ സ്റ്റുഡിയോസ് എന്ന പേരില്‍ ആരംഭിച്ച പ്രൊഡക്ഷന്‍ ഹൗസ് മൂന്ന് സിനിമകളായിരുന്നു അനൗണ്‍സ് ചെയ്തത്. രവി മോഹന്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. തമിഴിലെ മികച്ച നടന്മാരിലൊരാളായ യോഗി ബാബുവിനെ നായകനാക്കിയാണ് രവി തന്റെ ആദ്യ സംവിധാന സംരംഭം ഒരുക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ്. ആന്‍ ഓര്‍ഡിനറി മാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് രവി മോഹനും യോഗി ബാബുവും നടത്തുന്ന സംഭാഷണമാണ് പ്രൊമോയിലെ ഹൈലൈറ്റ്. സിനിമയിലെ കഥാപാത്രത്തിനായി പല ഗെറ്റപ്പിലും യോഗി ബാബു പ്രത്യക്ഷപ്പെടുകയും അതെല്ലാം രവി മോഹന്‍ നിരസിക്കുകയും ചെയ്യുന്ന ഭാഗമെല്ലാം രസകരമായിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഒടുവില്‍ സാധാരണക്കാരന്റെ ഗെറ്റപ്പില്‍ യോഗി ബാബു പ്രത്യക്ഷപ്പെടുകയും അത് രവി മോഹന്‍ ഓക്കെ പറയുകയും ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. സാധാരണക്കാരന്റെ കഥയെക്കാള്‍ എക്‌സ്ട്രാ ഓര്‍ഡിനറിയായി മറ്റൊന്നുമില്ലെന്നാണ് രവി മോഹന്‍ വീഡിയോയില്‍ പറയുന്നത്. ആദ്യ സംവിധാന സംരംഭം ഫീല്‍ ഗുഡ് കോമഡി ഴോണറില്‍ ഒരുക്കാനാണ് രവി ഉദ്ദേശിക്കുന്നതെന്ന് പ്രൊമോയിലൂടെ വ്യക്തമായിരിക്കുകയാണ്.

ഈ വര്‍ഷം അവസാനത്തോടെ ആന്‍ ഓര്‍ഡിനറി മാന്‍ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. നായകനാകുന്ന മറ്റ് ചിത്രങ്ങളുടെ തിരക്കില്‍ നിന്ന് മാറി പൂര്‍ണമായും സംവിധാനത്തില്‍ ശ്രദ്ധ നല്‍കാനാണ് രവി മോഹന്‍ തീരുമാനിച്ചിട്ടുള്ളത്. കരിയറിലെ പുതിയ ഇന്നിങ്‌സില്‍ പഴയതിനെക്കാള്‍ നന്നായി ശോഭിക്കാന്‍ താരത്തിന് ശോഭിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

രവി മോഹനൊപ്പം എസ്.ജെ. സൂര്യയും അര്‍ജുന്‍ അശോകനും പ്രധാനവേഷത്തിലെത്തുന്ന ബ്രോ കോഡിന്റെ പ്രൊമോയും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, ഹാപ്പി ഹസ്ബന്‍ഡ്‌സ് എന്നീ സിനിമകളെ ഓര്‍മിപ്പിക്കുന്ന പ്രൊമോയായിരുന്നു ബ്രോ കോഡിന്റേത്. 2026ലാകും ചിത്രം തിയേറ്ററുകളിലെത്തുക.

Content Highlight: Ravi Mohan’s directorial debut titled as An Ordinary Man starring Yogi Babu in lead role

We use cookies to give you the best possible experience. Learn more