മണ്‍ വാസനൈ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് രേവതി. കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ രേവതി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചു. സംവിധാനരംഗത്ത് തന്റെ കയ്യൊപ്പ് പതിപ്പിക്കാനും രേവതിക്ക് സാധിച്ചു.
കരിയറിന്റെ തുടക്കത്തില്‍ കമല്‍ ഹാസന്‍ നല്‍കിയ ഉപദേശം പങ്കുവെക്കുകയാണ് രേവതി. ഒരു കൈതിയിന്‍ ഡയറി എന്ന ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് രേവതി പറഞ്ഞു. ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് താന്‍ വളരെ അണ്‍കംഫര്‍ട്ടബിളായിരുന്നെന്നും പല സീനിലും കൈ വെറുതേ ഇടുന്നത് തനിക്ക് അസ്വസ്ഥത സമ്മാനിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.
കമല്‍ ഹാസന്‍ അത് ശ്രദ്ധിച്ചെന്നും തന്നെ മാറ്റിനിര്‍ത്തി സംസാരിച്ചെന്നും അവര്‍ പറയുന്നു. ഒരു സീനില്‍ അഭിനയിക്കുമ്പോള്‍ കൈകള്‍ വെറുതേയിടുന്നത് ബുദ്ധിമുട്ടായി തോന്നുമെന്നും എന്നാല്‍ ഒരുദിവസം ഇക്കാര്യം മറക്കുമെന്നും കമല്‍ ഹാസന്‍ തന്നോട് പറഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു. ആ ഉപദേശം താന്‍ ഒരിക്കലും മറക്കില്ലെന്നും രേവതി പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു രേവതി.
‘കമല്‍ ഹാസനൊപ്പം ഞാന്‍ ചെയ്ത പടമാണ് ഒരു കൈതിയിന്‍ ഡയറി. ആ പടത്തില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ താരതമ്യേന പുതുമുഖമാണ്. ഷൂട്ടിന്റെ സമയത്ത് ഞാന് അത്രക്ക് കംഫര്‍ട്ടബിളല്ലായിരുന്നു. കാരണം, പല സീനിലും ഡയലോഗ് പറയുമ്പോള്‍ കൈ വെറുതേയിടുകയായിരുന്നു പതിവ്. അത് വല്ലാത്ത അസ്വസ്ഥതയായിരുന്നു എനിക്ക്.
പുരുഷന്മാര്‍ക്ക് വേണമെങ്കില്‍ അത്തരം അവസരങ്ങള്‍ പോക്കറ്റില്‍ കൈയിടാം. സ്ത്രീകള്‍ക്ക് എവിടെയാണ് പോക്കറ്റ്. അവര്‍ക്ക് ഉള്ള ഓപ്ഷന്‍ സാരിയുടെ മുന്താണി ചുറ്റുക എന്ന് മാത്രമാണ്. അതും എപ്പോഴും സാധ്യമല്ല. എന്റെ കൈ രണ്ടും ലൂസായി ഇട്ടുകൊണ്ടാണ് ഓരോ സീനും ചെയ്തത്. എന്റെ മുഖത്തെ എക്‌സ്പ്രഷന്‍ കമല്‍ ഹാസന്‍ ശ്രദ്ധിച്ചു.
എന്നെ അദ്ദേഹം മാറ്റിനിര്‍ത്തി ഉപദേശിച്ചു. ‘കൈ വെറുതേ ഇടുന്നതില്‍ എന്തോ ഒരു വല്ലായ്ക തോന്നുന്നു അല്ലേ’ എന്ന് ചോദിച്ചു. ഞാന്‍ ഞെട്ടിപ്പോയി. അദ്ദേഹം ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായി. ‘ഇതൊക്കെ ആദ്യകാലത്ത് സാധാരണമാണ്. ഒരുദിവസം നീ നിന്റെ രണ്ട് കൈയുടെയും കാര്യം മറക്കും. അന്ന് എല്ലാം ശരിയാകും’ എന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ആ ഉപദേശം വളരെ വലുതായിരുന്നു. ഒരിക്കലും മറക്കില്ല,’ രേവതി പറയുന്നു.
Content Highlight: Ravathy shares the advice she got from Kamal Haasan