വഴി മാറെടാ മുണ്ടക്കൽ ശേഖരാ… എന്ന ഡയലോഗ് പറയാത്ത മലയാളി സിനിമാ പ്രേക്ഷകരാരും ഉണ്ടാകില്ല. രാവണ പ്രഭു എന്ന ഹിറ്റ് ചിത്രത്തിലെ ഡയലോഗാണിത്. 24 വർഷങ്ങൾക്കിപ്പുറം ഇപ്പോഴിതാ ചിത്രം റീ റിലീസ് ചെയ്യാൻ പോകുന്നു.
രഞ്ജിത്ത് തിരക്കഥ നിർവഹിച്ച് സംവിധാന അരങ്ങേറ്റത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് രാവണപ്രഭു. മോഹൻലാൽ അച്ഛനും മകനുമായി ഇരട്ട വേഷത്തിൽ എത്തിയ ചിത്രം 2001ലാണ് പ്രദർശനത്തിലെത്തിയത്. ചിത്രമിപ്പോൾ 4കെ, ഡോൾബി അറ്റ്‌മോസ് ദൃശ്യ, ശ്രാവ്യ മികവിലേക്ക് റീമാസ്റ്റർ ചെയ്യപ്പെട്ടാണ് വീണ്ടും എത്തുന്നത്. രാവണപ്രഭു ഈ വെള്ളിയാഴ്ച (ഒക്ടോബർ 10) പ്രദർശനത്തിനെത്തും. അതിന് മുന്നോടിയായി ചിത്രത്തിന്റെ റീ റിലീസ് ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകാണ് അണിയറക്കാർ. 1.52 മിനിട്ട് ദൈർഘ്യം വരുന്ന ട്രെയ്‌ലർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
മംഗലശേരി നീലകണ്ഠനായും മകൻ കാർത്തികേയൻ ആയിട്ടുമാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് രാവണപ്രഭു നിർമിച്ചത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി.ശശി സംവിധാനം ചെയ്ത ദേവാസുരത്തിന്റെ തുടർച്ചയായാണ് രാവണപ്രഭു ഒരുങ്ങുന്നത്.
നെപ്പോളിയൻ, സിദ്ദീഖ്, രതീഷ്, സായ് കുമാർ, ഇന്നസെന്റ്, രേവതി, ജഗതി, ഭീമൻ രഘു, അഗസ്റ്റിൻ, മണിയൻപിള്ള രാജു എന്നിവരും പ്രധാനവേഷത്തിൽ എത്തിയ ചിത്രമായിരുന്നു രാവണപ്രഭു.
റീ റിലീസ് വേണമെന്ന് മോഹൻലാൽ തന്നെ പലപ്പോഴും ആവശ്യപ്പെട്ടിട്ടുള്ള സിനിമയാണിത്. വൻ വിജയം നേടിയ ചിത്രം കൂടിയാണിത്. ഇതിനോടകം മോഹൻലാലിന്റെ നാല് ചിത്രങ്ങളാണ് ഇതിനോടകം റീ റിലീസ് ചെയ്തത്.
സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളാണ് റീ റിലീസ് ചെയ്തത്. ഉദയനാണ് താരം എന്ന ചിത്രവും റീ റിലീസിന് ഒരുങ്ങുന്നുണ്ട്.
Content Highlight: Ravanaprabhu Re Release Trailer Out