| Monday, 20th February 2023, 6:43 pm

'രാവണപ്രഭു ശരിക്കും ഞങ്ങളുടെ കഥയാണ്, മോഹന്‍ലാലിനും രേവതിക്കും മേക്കപ്പിട്ടത് പോലും ഞങ്ങളെ നോക്കിയാണ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി രഞ്ജിത് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് രാവണപ്രഭു. മലയാളത്തിലെ വലിയ ഹിറ്റായ സിനിമകളിലൊന്നായിരുന്നു അത്. എന്നാലിപ്പോള്‍ രാവണപ്രഭുവിന്റെ കഥ തങ്ങളുടെ ജീവിതത്തില്‍ നിന്നും ഒപ്പിയെടുത്തതാണെന്ന് പറയുകയാണ് മുല്ലശ്ശേരി കുടുംബാംഗമായ ലക്ഷ്മി രാജഗോപാല്‍.

സിനിമയുടെ കഥ ഞങ്ങളുടെ ജീവിതത്തില്‍ നിന്നും എടുത്തതല്ലെന്നും എന്നാല്‍ ഞങ്ങളെ നോക്കിയാണ് കഥാപാത്രങ്ങള്‍ക്ക് മേക്കപ്പ് ഇട്ടതെന്നും ലക്ഷ്മി പറഞ്ഞു. സംവിധായകന്‍ രഞ്ജിത് തന്നെയാണ് ഈ വിവരങ്ങള്‍ തന്നോട് പറഞ്ഞതെന്നും അവര്‍ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘ദേവാസുരം എനിക്ക് ഇഷ്ടമുള്ള സിനിമയാണെങ്കിലും കൂടുതല്‍ താല്‍പര്യം രാവണപ്രഭുവിനോടാണ്. ആ സിനിമയിലാണ് നീലകണ്ഠനും ഭാനുമതിയും തമ്മിലുള്ള അടുപ്പം ഏറ്റവും നന്നായി അവതരിപ്പിച്ചിരിക്കുന്നത്. അത് ശരിക്കും എന്റെയും രാജുവേട്ടന്റെയും ബന്ധമാണെന്ന് ഞാന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. പല സ്ഥലത്തും ഞങ്ങള്‍ക്ക് അത് അനുഭവപ്പെട്ടിട്ടുണ്ട്.

ഞങ്ങളുടെ ജീവിതം കണ്ട് അതില്‍ നിന്നും ഒപ്പിയെടുത്തതാണ് രാവണപ്രഭു സിനിമ. എന്നെയും രാജുവേട്ടനെയും നോക്കിയിട്ടാണ് മോഹന്‍ലാലിനെയും രേവതിയേയും മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇവരെ രണ്ട് പേരെയും മേക്കപ്പ് ചെയ്ത് കഴിഞ്ഞിട്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഞങ്ങള്‍ക്ക് ഫോട്ടോ അയച്ച് തന്നു. ആ സമയം എന്റെ കൊച്ചുമകള്‍ ഇവിടെയുണ്ടായിരുന്നു. ഫോട്ടോ കണ്ടപ്പോള്‍ തന്നെ ദാ അച്ഛച്ചനും അമ്മമ്മയും എന്ന് അവള്‍ പറഞ്ഞു.

അപ്പോളാണ് രഞ്ജിത്ത് പറയുന്നത് നിങ്ങളെ നോക്കിയാണ് ഞങ്ങള്‍ മേക്കപ്പ് ചെയ്തതെന്ന്. അതുകൊണ്ട് തന്നെയായിരിക്കാം ആ സിനിമയോട് എനിക്ക് അത്ര അറ്റാച്ച്‌മെന്റ് തോന്നുന്നത്. പക്ഷെ ആ കഥയൊന്നും ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതല്ല കേട്ടോ. അത് വേറെ ഏതോ സ്‌റ്റോറിയാണ്,’ ലക്ഷ്മി രാജഗോപാല്‍ പറഞ്ഞു.

content highlight: ravanaprabhu movie real story

We use cookies to give you the best possible experience. Learn more