തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
നിലവിലെ പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് ഇന്ന് ചുമതലയൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. യു.പി.എസ്.സി നല്‍കിയ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് പുതിയ ഡി.ജി.പിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കുകയായിരുന്നു.
കേരളത്തില്‍ നന്നായി പ്രതീക്ഷിക്കാനാവുമെന്ന് കരുതുന്നതായി ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു. കേരളത്തിലെ മുമ്പ് പ്രവര്‍ത്തിച്ച് പരിചയമുള്ളത് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1991 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇന്റലിജന്‍സ് ബ്യൂറോയിലെ ദീര്‍ഘകാല സേവനത്തിന് ശേഷമാണ് സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കുന്നത്. ആന്ധ്രാപ്രദേശിലെ രാജമുദ്രി സ്വദേശിയാണ്. ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
തലശേരി എ.എസ്.പിയായാണ് സര്‍വീസ് തുടങ്ങുന്നത്. അദ്ദേഹം എ.എസ്.പിയായി ചുമതലയേറ്റ് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കൂത്തുപറമ്പ് വെടിവെപ്പ് ഉണ്ടായത്. അന്ന് അദ്ദേഹത്തെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 2012ല്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി.
പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറല്‍, റെയില്‍വെ, വിജിലന്‍സ് എറണാകുളം റേഞ്ച്, തിരുവനന്തപുരം ക്രൈംബ്രാഞ്ച്, പാലക്കാട് എന്നിവിടങ്ങളില്‍ എസ്.പിയായി പ്രവര്‍ത്തിച്ചു. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി ആയിരുന്നു. കെ.എ.പി രണ്ടാം ബറ്റാലിയനിലും മൂന്നാം ബറ്റാലയനിലും കമാന്‍ഡന്റായും പ്രവര്‍ത്തിച്ചു.
യു.എന്‍ ദൗത്യത്തിന്റെ ഭാഗമായി ബോസ്‌നിയയിലും സുഡാനിലും പ്രവര്‍ത്തിച്ചിരുന്നു. തൃശൂര്‍, തിരുവനന്തപുരം റേഞ്ചുകളില്‍ ഡി.ഐ.ജിയും കൊച്ചി സിറ്റി, തിരുവനന്തപുരം കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഐ.ജി. ആയിരിക്കവെയാണ് കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലഭിച്ചത്. ഐ.ബി ആസ്ഥാനത്ത് ഡെപ്യൂട്ടി ഡയറക്ടറായാണ് തുടക്കം. ഭുവനേശ്വര്‍, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലും ഐ.ബി ഡയറക്ടറായി പ്രവര്‍ത്തിച്ചു. വിജയവാഡ, മുംബൈ എന്നിവിടങ്ങളില്‍ ചന്ദ്രശേഖര്‍ ഐ.ബി അഡീ. ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2023ലാണ് അദ്ദേഹത്തിന് ഡി.ജി.പി പദവി ലഭിക്കുന്നത്. ഐ.ബി. സ്‌പെഷ്യല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. വിശിഷ്ടസേവനത്തിന് 2015ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2009ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു.
Content Highlight: Ravada Chandrasekhar is the new police chief of the state