| Wednesday, 3rd September 2025, 10:36 am

ഇന്‍ഡോറിലെ ആശുപത്രിയില്‍ നവജാത ശിശുക്കളെ എലി കടിച്ചു; അഞ്ച് വര്‍ഷം മുമ്പാണ് കീട നിയന്ത്രണം നടത്തിയതെന്ന് സൂപ്രണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് നവജാത ശിശുക്കളെ എലി കടിച്ചു. സംഭവം നടന്നിട്ട് കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളൂ. സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ മഹാരാജ യശ്വന്ത്‌റാവുവിലാണ് സംഭവം. ഇതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ആശുപത്രിയിലെ നേഴ്‌സിങ് സംഘം പരിക്കേറ്റ നവജാത ശിശുക്കളെ കണ്ടപ്പോള്‍ ആശുപത്രി മാനേജ്‌മെന്റിനോട് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സി.സി.ടി.വി ക്യാമറ സ്‌കാന്‍ ചെയ്തപ്പോഴാണ് നവജാത ശിശുക്കള്‍ക്ക് സമീപമുള്ള ഒരു തൊട്ടിലില്‍ എലികള്‍ ചാടുന്നത് കണ്ടെത്തിയത്. ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയും സമാനമായ സംഭവമുണ്ടായി.

ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ അശോക് യാദവ് പി.ടി.എയോട് സംഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അഞ്ചുവര്‍ഷം മുമ്പാണ് ആശുപത്രിയില്‍ അവസാനമായി കീട നിയന്ത്രണം നടത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞത്. മാത്രമല്ല ഒരു കുഞ്ഞിന്റെ വിരലുകളും മറ്റൊരു കുഞ്ഞിന്റെ തലയിലും തോളിലും എലി കടിച്ചതായി അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഒരു കുഞ്ഞിന്റെ വിരലുകള്‍ എലികള്‍ കടിച്ചു മറ്റൊരു കുഞ്ഞിന് തലയിലും തോളിലും കടിയേറ്റു. കുഞ്ഞുങ്ങള്‍ സുരക്ഷിതരും തുടര്‍ച്ചയായ പരിചരണത്തിലും ആണ്. ഉടന്‍ തന്നെ ആശുപത്രിയില്‍ കീട നിയന്ത്രണം വിപുലീകരിക്കും.

എലികള്‍ ഉള്ളതിനാല്‍ വാര്‍ഡുകളില്‍ ഭക്ഷണം കൊണ്ടുവരരുത് എന്ന് ബന്ധുക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രിക്കുള്ളില്‍ എലികളുടെ വലിയൊരു കൂട്ടമുണ്ട് ജീവനക്കാര്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ഒരു സീനിയര്‍ ഡോക്ടറും സംഭവത്തെ അപലപിച്ചിരുന്നു. ‘ഇരുമ്പു വലകള്‍ സ്ഥാപിക്കുകയും രോഗം വരുന്നത് തടയാന്‍ വലിയ തോതിലുള്ള കീടനിയന്ത്രണ പദ്ധതികളും തയ്യാറാക്കി വരികയാണ്,’ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ ബ്രിജേഷ് പറഞ്ഞു.

മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എലിശല്യം രൂക്ഷമാകുന്നത് ആദ്യമായല്ല. 2023ല്‍ മാത്രം സംസ്ഥാനത്തുടനീളമുള്ള നിരവധി മോര്‍ച്ചറികളിലെ മനുഷ്യ ശരീരങ്ങളില്‍ എലിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു.

ജൂണില്‍ ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ അമ്പതുവയസുള്ള ഒരാളുടെ മൃതദേഹം എലി കടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മെയ് മാസത്തില്‍ വിദിഷ ജില്ലാ ആശുപത്രിയില്‍ അപകടത്തില്‍ പെട്ട് മരണപ്പെട്ട 70 വയസുള്ള ആളുടെ മൃതദേഹത്തിന്റെ മൂക്കും കൈയും എലി കടിച്ച് നിലയില്‍ കണ്ടെത്തി.

Content Highlight: Rats bite newborn babies at Indore hospital

We use cookies to give you the best possible experience. Learn more