| Friday, 17th April 2026, 4:43 pm

മാപ്ര എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്‍ മാത്രമല്ല, മാവോയിസ്റ്റ് പ്രവര്‍ത്തകനും കൂടിയാണ്, ദുരൂഹ സാഹചര്യം പറയുന്ന മാവോയിസ്റ്റ് രാഷ്ട്രീയം

അമര്‍നാഥ് എം.

ചെയ്യുന്ന ഓരോ സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്ന സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍. ആദ്യചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ മുതല്‍ കഥയിലും കഥപറച്ചിലിലും വ്യത്യസ്തത കൊണ്ടുവരാന്‍ രതീഷ് ശ്രമിക്കാറുണ്ട്. കണ്ടുശീലിച്ച സിനിമാ രീതികളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തില്‍ ഒരുക്കിയത്.

വയനാട്ടിലെ തോല്‍പ്പെട്ടി എന്ന ഗ്രാമത്തില്‍ കിടപ്പിലായ തന്റെ സഹോദരനെ ശുശ്രൂഷിച്ചുകൊണ്ട് കഴിയുന്ന സേതു എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. തോല്‍പ്പെട്ടി പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ ഓഫീസ് അസിസ്റ്റന്റായ സേതുവിന്റെയും പല രീതിയിലും അയാളെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഒരുകൂട്ടമാളുകളെയും കാണിച്ചുകൊണ്ട് പുരോഗമിക്കുന്ന കഥ സൈക്കോളജിക്കല്‍ കോമഡി ഴോണറിലാണ് ഒരുക്കിയത്.

മാവോയിസ്റ്റ് ഭീകരതയും അവരെ പിടിക്കാന്‍ നടക്കുന്ന പൊലീസ് സേനയുടെയും ഇടയില്‍ പെടുന്ന സാധാരണക്കാര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് രതീഷ് ഈ ചിത്രത്തിലൂടെ വരച്ചിടുന്നുണ്ട്. ഇത്രയും സീരിയസായ ഒരു വിഷയത്തിലും കോമഡികള്‍ സൃഷ്ടിച്ചുകൊണ്ടാണ് രതീഷ് പ്രേക്ഷകരെ ഞെട്ടിക്കുന്നത്. അതില്‍ എടുത്തുപറയേണ്ടത് ഇന്റര്‍വെല്ലിനോട് അടുത്ത് വരുന്ന സീനിലെ ഡയലോഗാണ്.

സജിന്‍ അവതരിപ്പിച്ച രാജേന്ദ്ര പ്രസാദ് എന്ന കഥാപാത്രത്തെ മാവോയിസ്റ്റ് എന്ന് മുദ്രകുത്തി അയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന വാര്‍ത്ത ചാനലില്‍ കാണിക്കുന്നതാണ് സീന്‍. മാവോയിസ്റ്റ് പ്രവര്‍ത്തകനെ മാപ്ര എന്നാണ് വാര്‍ത്തയില്‍ അഭിസംബോധന ചെയ്യുന്നത്. രതീഷ് ബാലകൃഷ്ണന്റെ കോമഡിയിലെ ചിന്ത എത്രമാത്രം വ്യത്യസ്തമാണെന്ന് ഈയൊരു ഡയലോഗ് തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് കാലത്തിനിടയില്‍ സോഷ്യല്‍ മീഡിയ സൃഷ്ടിച്ചെടുത്ത വൈറല്‍ വാക്കുകളിലൊന്നാണ് മാപ്ര എന്നത്. മാധ്യമപ്രവര്‍ത്തകരെ മൊത്തത്തില്‍ വിളിച്ചുതുടങ്ങിയ ഈ വാക്ക് വളരെ വേഗത്തില്‍ ട്രെന്‍ഡായി മാറി. എന്നാല്‍ ഈ ട്രെന്‍ഡ് ഡയലോഗിനെ മറ്റൊരു വീക്ഷണകോണിലൂടെ കാണുകയും അത് തന്റെ സിനിമയില്‍ ബ്രില്യന്റായി ഉപയോഗിക്കുകയും ചെയ്തതില്‍ രതീഷ് ബാലകൃഷ്ണന് കൈയടി കൊടുക്കാം.

സൈക്കോളജിക്കല്‍ കോമഡി എന്ന അധികമാരും പരീക്ഷിക്കാത്ത ഴോണറില്‍ രതീഷ് ബാലകൃഷ്ണന്‍ ഒരുപരിധി വരെ വിജയിച്ചെന്ന് പറയാം. ഡാര്‍ക്ക് കോമഡികളാല്‍ നിറഞ്ഞ ആദ്യപകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്ക് എത്തിയപ്പോള്‍ കഥ മുഴുവന്‍ ഡാര്‍ക്കായി മാറി. മാവോയിസ്റ്റുകളെ ഉണ്ടാക്കിയെടുക്കുന്നത് ഈ സിസ്റ്റം തന്നെയാണെന്ന് സംവിധായകന്‍ പറഞ്ഞുവെക്കുന്ന ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തില്‍.

Content Highlight: Ratheesh Balakrishna Poduval’s politics in Oru Durooha Sahacharyathil movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more