| Monday, 25th May 2026, 2:23 pm

രത്തന്‍ ഖേല്‍ക്കറിന്റെ നിയമനം സ്വാഭാവിക നടപടി; വിവാദങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ആദർശ് എം.കെ.

തിരുവനന്തപുരം: രത്തന്‍ യു. ഖല്‍ക്കറിനെ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങളെ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശന്‍.

ഈ നിയമനം തികച്ചും സ്വാഭാവികമായ നടപടി മാത്രമാണെന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരാണ് ഖേല്‍ക്കറിനെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആയി ശുപാര്‍ശ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘യു.ഡി.എഫിന് 102 സീറ്റ് നേടിത്തന്നത് ഖേല്‍ക്കറാണോ? ഇതിനേക്കാള്‍ വലിയ തമാശയുണ്ടോ?’ അദ്ദേഹം ചോദിച്ചു.

ഖേല്‍ക്കര്‍ നേരത്തെ ഐ.ടി സെക്രട്ടറിയായും ടാക്‌സ് കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്. നളിനി നെറ്റോ സി.ഇ.ഒ സ്ഥാനത്തിന് ശേഷം ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കേരളത്തില്‍ അത്തരമൊരു പരാതി സി.പി.ഐ.എമ്മിനോ ബി.ജെ.പിക്കോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് താനാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ നല്‍കിയതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അപു ജോസഫിനെ ചീഫ് വിപ്പായും, അഡ്വ. കെ.സി. വിന്‍സന്റിനെ ഹൈക്കോടതി അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായും നിയമിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. അസഫലിക്ക് ലോകായുക്ത സ്‌പെഷ്യല്‍ അറ്റോണിയുടെ അധിക ചുമതല നല്‍കി.

ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. ഭരണപരമായ സൗകര്യത്തിനായുള്ള താത്കാലിക മാറ്റങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളതെന്നായിരുന്നു വിശദീകരണം.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Ratan Khelkar’s appointment is a natural step: Chief Minister V.D. Satheesan

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more