| Friday, 31st October 2025, 7:42 pm

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി റസൂല്‍ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. നടി കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍ പേഴ്‌സണ്‍. സി. അജോയ് ആണ് സെക്രട്ടറി.

അമല്‍ നീരദ്, ശ്യാം പുഷ്‌കരന്, നിഖില വിമല്‍, സിത്താര കൃഷ്ണ കുമാര്‍ എന്നിവരെ അടക്കം ഉള്‍പ്പെടുത്തി 26 അംഗ ഭരണ സമിതിയും പുനസംഘടിപ്പിച്ചു. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിനിരിക്കെയാണ് പ്രേം കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ മാറ്റിയത്. കാലവധി തീര്‍ന്നതിനാലാണ് പുതിയ സിറ്റിയെ നിയോഗിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

ലൈംഗിക വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേം കുമാറിനായിരുന്നു ചുമതല. എന്നാല്‍ അക്കാദമിക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ നിയമനം.

2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയര്‍മാന്‍ ആയിട്ടുള്ള നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയിലെ അധികാരത്തില്‍ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് രഞ്ജിത്ത് രാജിവച്ചത്.

അതേസമയം നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നവംബര്‍ മൂന്നിലേക്ക് മാറ്റി. സിനിമയുടെ സ്‌ക്രീനിങ്ങ് കഴിയാത്തതും നാളെ പ്രത്യേക നിമയമ സഭ സമ്മേളനം നടക്കുന്നതുമാണ് പ്രഖ്യാപനം മാറ്റിവെക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച തൃശൂരില്‍ വെച്ചാണ് പ്രഖ്യാപനം ഉണ്ടാകുക.

Content highlight: Rasool Pookutti is the Chairman of the Chalachitra Academy; Kukku Parameswaran is the Vice-Chairperson

We use cookies to give you the best possible experience. Learn more