സംവിധായകന്‍ എസ്.എസ്. രാജമൗലിക്കെതിരെ പൊലീസില്‍ പരാതി നല്കി രാഷ്ട്രീയ വാനര സേന. ഹൈദരബാദിലെ സരൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് രാഷ്ട്രീയ വാനര സേന പരാതി നല്കിയത്. കഴിഞ്ഞദിവസം ഹൈദരബാദില്‍ നടന്ന വാരണാസി ടൈറ്റില്‍ ലോഞ്ചിനിടെ ഹനുമാനെക്കുറിച്ച് സംസാരിച്ചതാണ് രാഷ്ട്രീയ വാനര സേനയെ പ്രകോപിപ്പിച്ചത്.
രാജമൗലിയുടെ പരാമര്‍ശം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിക്കുന്ന പ്രവണത അടുത്തിടെ സിനിമയില്‍ വലിയ രീതിയില്‍ കാണാനാകുന്നുണ്ടെന്നും രാഷ്ട്രീയ വാനര സേന ആരോപിച്ചു. പരാതിയിന്മേല്‍ കൃത്യമായ അന്വേഷണം നടത്തി ശരിയായ നടപടി സ്വീകരിക്കണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും രാഷ്ട്രീയ വാനര സേന ആവശ്യപ്പെട്ടു.
എന്നാല് പരാതിയിന്മേല്‍ ഇതുവരെ സരൂര്‍ നഗര്‍ പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം അരങ്ങേറിയത്. ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന പ്രൊജക്ടിന്റെ ടൈറ്റില്‍ ലോഞ്ചിനിടെയാണ് രാജമൗലി തന്റെ നിലപാട് വ്യക്തമാക്കിയത്. താന്‍ ഒരു നീരീശ്വരവാദിയാണെന്ന് രാജമൗലി സദസില്‍ വെച്ച് അറിയിച്ചു.
തന്റെ കൂടെ എപ്പോഴും ഹനുമാനുണ്ടാകുമെന്ന് അച്ഛന്‍ പറയാറുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ തനിക്ക് ദേഷ്യം വരാറുണ്ടെന്നും രാജമൗലി പറഞ്ഞു. ഇത് പല ഹിന്ദുത്വവാദികളെയും ചൊടിപ്പിച്ചു. ഹിന്ദു ദൈവങ്ങളെ വില്പന ചരക്കാക്കുന്നയാളാണ് രാജമൗലിയെന്ന് പലരും ആരോപിച്ചു. ടൈറ്റില്‍ ലോഞ്ചിനിടെ ഡിസ്‌പ്ലേക്ക് തകരാറ് സംഭവിച്ചത് ദൈവ നിന്ദ കൊണ്ടാണെന്നും ചില ഹിന്ദുത്വ വാദ പേജുകള്‍ അഭിപ്രായപ്പെട്ടു.
ബാഹുബലി, ആര്‍.ആര്‍.ആര്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ ഹിന്ദുത്വ വാദികള്‍ രാജമൗലിയെ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ആര്‍.ആര്‍.ആറിലെ ശ്രീ രാമന്‍ റഫറന്‍സെല്ലാം രാജമൗലി ചെയ്തത് ഭക്തിയുടെ പേരിലാണെന്നായിരുന്നു പലരും പോസ്റ്റില്‍ കുറിച്ചത്. എന്നാല്‍ തനിക്ക് ദൈവത്തില്‍ വിശ്വാസമില്ലെന്ന രാജമൗലിയുടെ പ്രസ്താവനക്ക് പിന്നാലെ പല പേജുകളും അദ്ദേഹത്തെ വിമര്‍ശിക്കുകയായിരുന്നു.
തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് വാരണാസി. 1000 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വാരണാസിയില്‍ ആരംഭിച്ച് ദേശങ്ങളിലൂടെയും കാലങ്ങളിലൂടെയും നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കഥയെന്ന് ടൈറ്റില്‍ ടീസര്‍ സൂചന നല്കുന്നുണ്ട്. 2027ല്‍ വാരണാസി തിയേറ്ററുകളിലെത്തും.
Content Highlight: Rashtriya Vanara Sena filed complaint against S S Rajamouli