| Monday, 26th October 2026, 5:09 pm

1000 തവണ 'വിവാഹം കഴിക്കാം' എന്ന് പറയും, നൂറ് തവണ എന്നതൊന്നും വലിയ കാര്യമല്ല: വിമർശനങ്ങൾക്ക് മറുപടിയുമായി രശ്‌മിക മന്ദാന

അജ്മല്‍ കെ

വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടി രശ്മിക മന്ദാന. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘കോഫി വിത്ത് കരൺ’ പരിപാടിയിൽ വിജയുമായുള്ള പ്രണയത്തെക്കുറിച്ച് സംസാരിക്കവെ ഒരുപാട് കാലം അദ്ദേഹത്തിന്റെ പുറകെ നടന്നിരുന്നു എന്ന തരത്തിൽ രശ്മിക നടത്തിയ പരാമർശം ചർച്ചയായിരുന്നു. പിന്നാലെ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് പലവിധ അഭിപ്രായങ്ങളും വിമർശനങ്ങളും ഉയർന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള നിലപാട് വ്യക്തമാക്കി രശ്മിക സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.

സാധാരണ ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാറില്ലെന്നും ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും രശ്മിക പറയുന്നു. ചിലപ്പോൾ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ മനസിലാക്കാൻ ഇത്തരം അഭിപ്രായങ്ങൾ സഹായിക്കാറുമുണ്ട്. എന്നാൽ തന്റെയും വിജയിന്റെയും അഭിമുഖത്തെച്ചൊല്ലിയുള്ള ഇപ്പോഴത്തെ ചർച്ചകൾ അഭിപ്രായപ്രകടനങ്ങൾ എന്നതിലുപരി, ആരെയെങ്കിലും ലക്ഷ്യമിട്ട് ദേഷ്യം തീർക്കാനുള്ള ആൾക്കൂട്ടത്തിന്റെ പ്രവണതയായാണ് തോന്നുന്നതെന്നും താരം കുറിച്ചു.

കോഫി വിത്ത് കരൺ, രശ്മിക. Photo. Screen Grab/ Youtube

‘എനിക്കും വിജ്ജുവിനുമിടയിലെ ഈ വിഷയത്തെക്കുറിച്ച് എനിക്ക് രണ്ട് വാക്കുകളാണ് പറയാനുള്ളത്. സാധാരണ ഇത്തരം കാര്യങ്ങളിൽ ഞാൻ പ്രതികരിക്കാറില്ല. കാരണം, എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ ഞങ്ങളുടെ അഭിമുഖത്തെച്ചൊല്ലിയുള്ള ഇപ്പോഴത്തെ ബഹളം കണ്ടപ്പോൾ കാര്യങ്ങൾ എവിടെയോ കൈവിട്ടുപോയെന്ന് തോന്നി. ഞങ്ങളുടെ പ്രണയത്തിൽ വിശ്വസിക്കുന്നവരെ സംരക്ഷിക്കാനും എല്ലാവർക്കും അവരുടേതായ സ്നേഹം കണ്ടെത്താൻ കഴിയട്ടെയെന്ന് ആഗ്രഹിച്ചുമാണ് ഞാൻ ഇത് എഴുതുന്നത്,’ രശ്മിക കുറിച്ചു.

വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ എത്ര തവണ വിവാഹാഭ്യർഥന നടത്തി എന്നതിലോ ഒരു വർഷം മുഴുവൻ അതിനായി കാത്തിരുന്നു എന്നതിലോ അല്ല തങ്ങളുടെ ബന്ധത്തിന്റെ പ്രാധാന്യമെന്ന് രശ്മിക വ്യക്തമാക്കുന്നു. വിവാഹം എന്ന തീരുമാനത്തിലെത്തുന്നതിന് മുമ്പ് പരസ്പരം മനസിലാക്കാനും ജീവിതത്തിലെ പ്രായോഗികമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും സമയം കണ്ടെത്തുകയായിരുന്നു ഞങ്ങൾ.

‘അതൊരു വലിയ പ്രപ്പോസലിനെക്കുറിച്ചായിരുന്നില്ല. ജീവിതത്തിലെ സന്തോഷങ്ങളും സമ്മർദങ്ങളും ഉയർച്ചതാഴ്ചകളും എല്ലാം നേരിടുമ്പോഴും നമുക്ക് ഒരുമിച്ച് ജീവിക്കണമോ, അതിന് ഇതാണോ ശരിയായ സമയമെന്ന് ഉറപ്പുവരുത്താൻ പരസ്പരം സമയവും ഇടവും നൽകണമെന്നായിരുന്നു ആ സംഭാഷണം. ഞങ്ങൾ അത് ചെയ്തു. പരസ്പരം തെരഞ്ഞെടുക്കുകയും ചെയ്തു,’ രശ്മിക വ്യക്തമാക്കി.

തനിക്ക് എന്താണ് വേണ്ടതെന്ന് നേരത്തേ അറിയാമായിരുന്നുവെന്നും വിജയ് ജീവിതത്തിലെ പ്രായോഗികമായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ഉറപ്പുവരുത്താൻ സമയം ആഗ്രഹിച്ചിരുന്നുവെന്നും താരം പറയുന്നു. അതൊന്നും തങ്ങളുടെ പ്രണയത്തെ ബാധിച്ചിട്ടില്ല. താൻ ഹൃദയംകൊണ്ട് തീരുമാനങ്ങളെടുക്കുന്ന ആളാണെങ്കിൽ വിജയ് കാര്യങ്ങൾ ആലോചിച്ചുറപ്പിക്കുന്നയാളാണ്. പരസ്പരം അങ്ങനെയുള്ള വ്യത്യാസങ്ങൾ ജീവിതത്തിൽ ആവശ്യമാണെന്നും രശ്മിക കുറിച്ചു.

തങ്ങളെ സംബന്ധിച്ച് വിവാഹം എന്നത് മുട്ടുകുത്തി നിന്ന് പ്രപ്പോസ് ചെയ്യുന്നതോ വിരലിൽ മോതിരമിടുന്നതോ മാത്രമല്ലെന്നും ഒരുമിച്ച് ജീവിതവും ഭാവിയും കെട്ടിപ്പടുക്കുന്നതാണെന്നും രശ്മിക പറയുന്നു. വിജയിനോടുള്ള പ്രണയം തുറന്നുപറയുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്നും താരം വ്യക്തമാക്കി.

‘ഞാൻ വിവാഹം കഴിക്കാൻ പോകുന്ന മനുഷ്യനുമായി പ്രണയത്തിലല്ലെങ്കിൽ പിന്നെ എന്തിനാണ് അയാളെ വിവാഹം കഴിക്കുന്നത്? അദ്ദേഹം ജീവിതകാലം മുഴുവൻ എന്റെ കൂടെയുണ്ടാകുന്ന പങ്കാളിയാണ്. സാധാരണ ദിവസങ്ങളിലും അല്ലാത്തപ്പോഴും എന്റെ സുഹൃത്തായിരിക്കും. എന്റെ കുട്ടികളുടെ അച്ഛനും പ്രായമാകുമ്പോൾ എനിക്കൊപ്പം ഉണ്ടാകുന്ന മനുഷ്യനുമാണ്. വിവാഹം കഴിഞ്ഞിട്ടും ‘നമുക്ക് വീണ്ടും വിവാഹം കഴിക്കാം’ എന്ന് പറയാൻ തോന്നുന്ന തരത്തിൽ നിങ്ങളെ സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തണം. എനിക്ക് ആയിരം തവണ ഇത് ചെയ്യാൻ കഴിയും. നൂറ് തവണയൊന്നും എനിക്ക് വലിയ കാര്യമല്ല,’ രശ്മിക കുറിച്ചു.

തങ്ങൾ രണ്ടുപേരും സ്വന്തം അധ്വാനത്തിലൂടെയും സ്വന്തം തീരുമാനങ്ങളിലൂടെയുമാണ് ജീവിതം കെട്ടിപ്പടുത്തതെന്നും ആരോടൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തങ്ങൾക്കുണ്ടെന്നും രശ്മിക പറയുന്നു. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഇരുവരും തെരഞ്ഞെടുത്തത് പരസ്പരം ഒരുമിച്ചുള്ള ജീവിതമാണ്. തങ്ങളുടെ പ്രണയം മറ്റുള്ളവർ സങ്കൽപ്പിക്കുന്ന രീതിയിലുള്ളതല്ലെങ്കിൽ അതിൽ പ്രശ്നമില്ലെന്നും ഓരോരുത്തരും സ്വന്തം ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയാണ് വേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.

തന്നെ സംരക്ഷിക്കാനെന്ന പേരിൽ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുന്നവർക്കും രശ്മിക മറുപടി നൽകുന്നുണ്ട്. ഒരു സ്ത്രീയെക്കുറിച്ച് കരുതലുണ്ടെന്ന പേരിൽ റീലുകൾ ചെയ്യുകയും സൗജന്യമായി ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നവരോട് നന്ദി പറയുന്നുവെങ്കിലും, ജീവിതത്തിൽ കാര്യങ്ങൾ ഏറെ പ്രയാസകരമായിരുന്ന സമയത്ത് അവർ കൂടെയുണ്ടായിരുന്നില്ലെന്നാണ് രശ്മിക പറയുന്നത്.

‘കുറച്ചുവർഷങ്ങൾക്ക് മുമ്പ് കാര്യങ്ങൾ വളരെ ബുദ്ധിമുട്ടിലായിരുന്നപ്പോൾ നിങ്ങളാരും അവിടെ ഉണ്ടായിരുന്നില്ല. അവൻ ഉണ്ടായിരുന്നു. ഇപ്പോഴും അവൻ എനിക്കൊപ്പമുണ്ട്. ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള അവസ്ഥയിലാണ്. വിവാഹശേഷമുള്ള സന്തോഷത്തിലും എന്റെ മുഖത്തും സിനിമകളിലും അഭിനയത്തിലുമെല്ലാം അത് കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ സന്തോഷവതിയാണ്, സംതൃപ്തയാണ്, അനുഗ്രഹിക്കപ്പെട്ടവളാണ്,’ രശ്മിക കുറിച്ചു.

തനിക്ക് എല്ലുപൊട്ടിയപ്പോഴും മാസത്തിലൊരിക്കൽ വയറുവേദന അനുഭവപ്പെടുമ്പോഴും രാത്രിയിൽ ആകുലത കാരണം ഉറക്കം നഷ്ടപ്പെടുമ്പോഴും കൂടെയുണ്ടായിരുന്നത് വിജയ് ആയിരുന്നുവെന്നും താരം പറയുന്നു. തനിക്ക് ഉപദേശവും സംരക്ഷണവും ആശ്വാസവും പിന്തുണയും ആവശ്യമുണ്ടായിരുന്നപ്പോഴും വിജയ് ഒപ്പമുണ്ടായിരുന്നു. തന്നെ പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ഓരോ വിജയവും ആഘോഷിക്കുകയും ചെയ്യുന്ന ഒരാളെയാണ് താൻ ആഗ്രഹിക്കുന്നതെന്നും അത് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും രശ്മിക വ്യക്തമാക്കി.

തന്റെ ജീവിതത്തെക്കുറിച്ച് ഇന്റർനെറ്റിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന എഡിറ്റിങ്ങുകളെയും വിശ്വസിച്ച്, സ്വന്തം ജീവിതത്തെക്കുറിച്ച് താൻ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാത്തവരുടെ സമീപനം ഭയപ്പെടുത്തുന്നതാണെന്നും രശ്മിക പറയുന്നു. തന്റെ കുടുംബത്തെ അറിയാതെ അവരെക്കുറിച്ച് സംസാരിക്കുന്നതിനെയും താരം വിമർശിച്ചു.

രശ്‌മിക മന്ദാന. Photo. Screen Grab/Youtube

‘എന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറഞ്ഞോളൂ, എനിക്ക് അതൊക്കെ സഹിക്കാം. പക്ഷേ, എന്റെ കുടുംബത്തെ അറിയാതെ അവരെക്കുറിച്ച് സംസാരിക്കുന്നത് ഫെമിനിസമല്ല. ഫെമിനിസത്തിന്റെ വേഷമിട്ടുള്ള ബുള്ളിയിങ്ങാണ് അത്. മറ്റൊരാളെ താഴ്ത്തിക്കെട്ടുന്നതോ താൻ മറ്റൊരാളേക്കാൾ മികച്ചവനാണെന്ന് സ്ഥാപിക്കുന്നതോ അല്ല ഫെമിനിസം. സ്വന്തം ജീവിതം തെരഞ്ഞെടുക്കാനും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുമുള്ള സ്വാതന്ത്ര്യമാണ് അത്. ഞാൻ എന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അതിന് പകരമായി എനിക്ക് വലിയ സ്നേഹമാണ് ലഭിച്ചത്,’ രശ്മിക കുറിച്ചു.

തങ്ങളുടെ പ്രണയത്തെ പിന്തുണയ്ക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും നന്ദി അറിയിച്ച താരം, മറ്റുള്ളവരും അവരവരെ സന്തോഷിപ്പിക്കുന്ന ജീവിതം കണ്ടെത്തട്ടെയെന്നും ആശംസിച്ചു. പത്ത് വർഷം കഴിഞ്ഞിട്ടും തന്നെ സ്നേഹത്തോടെ ഓർക്കുന്ന കന്നഡ പ്രേക്ഷകരോടും രശ്മിക നന്ദി പറഞ്ഞു.

Content Highlight: Rashmika shared a post on social media clarifying her stance on love and marriage

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more