കന്നഡയില്‍ അരങ്ങേറി തെന്നിന്ത്യന്‍ സെന്‍സേഷനായി ബോളിവുഡിലും സ്ഥാനമുറപ്പിച്ച താരമാണ് രശ്മിക മന്ദാന. കഴിഞ്ഞ വര്‍ഷം ആയിരം കോടി ക്ലബിലെത്തിയ അനിമലിലൂടെയും അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ പുഷ്പയിലൂടെയും രാജ്യം കണ്ട വലിയ ഹിറ്റുകളുടെ ഭാഗമായി താരമെത്തിയിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രശ്മിക സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന നായികമാരിലൊരാള്‍ കൂടിയാണ്.
രശ്മിക പുഷ്പയില്‍. Photo: Free press journal
പുഷ്പ 2 വിലെ പ്രകടനത്തിന് താരത്തിന് വലിയ രീതിയിലുള്ള ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. കഥാപാത്രത്തിന് അനുസരിച്ചുള്ള പ്രകടനമായിരുന്നു താരം ചിത്രത്തില്‍ കാഴ്ച്ചവച്ചതെങ്കിലും പല രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രോളിന് ഇരയായിരുന്നു. സമൂഹ മാധ്യമങ്ങള്‍ക്ക് പുറമെ മുഖ്യധാര മാധ്യമങ്ങളും ഇപ്പോള്‍ പരിഹസിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കാറുണ്ടെന്നും ഇത് ഏറെ ഭയപ്പെടുത്തുന്നതാണെന്നും താരം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
യൂട്യൂബ് ചാനലായ പ്രേമ ദ ജേണലിസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക മാധ്യമങ്ങളുടെ നിലവാരമില്ലായ്മയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
‘നമ്മള്‍ പറയാത്ത കാര്യങ്ങള്‍ വളച്ചൊടിച്ചാണ് ആളുകള്‍ വാര്‍ത്തയാക്കുന്നത്. ഒരു തവണ എന്നോട് ഏതോ ഒരു വിഷയത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചിരുന്നു. എനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ലെന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ ചില മാധ്യമങ്ങള്‍ പറഞ്ഞത് ഞാന്‍ ഈ വിഷയത്തില്‍ ഇങ്ങനെ അഭിപ്രായം പറഞ്ഞു എന്നാണ്.
ആ തെറ്റായ വാര്‍ത്ത ഒരുപാട് പേര്‍ വായിക്കും. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് മുഖ്യധാര മാധ്യമങ്ങള്‍ വരെ ട്രോളാന്‍ തുടങ്ങിയെന്ന്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഭയപ്പെടുത്തുന്ന കാര്യമാണ്. വലിയ വിഭാഗം ഓഡിയന്‍സിനെ സ്വാധീനിക്കാനുള്ള കഴിവ് ഇക്കൂട്ടര്‍ക്കുണ്ട്,’ രശ്മിക പറയുന്നു.
രശ്മിക. Photo: Deccan chronicle
പല മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ കണ്ടാല്‍ ആ നാട് തന്നെ നമ്മളെ വെറുക്കുകയാണെന്നാണ് തോന്നുകയെന്നും പക്ഷേ ആളുകള്‍ക്ക് അത്തരത്തില്‍ നമ്മളോട് ഒരു ദേഷ്യവും ഉണ്ടാവില്ലെന്നും താരം പറഞ്ഞു. വരാനിരിക്കുന്ന തലമുറയോട് ഇത്തരത്തിലുള്ള നെഗറ്റിവിറ്റിയില്‍ ചെന്ന് പെടരുതെന്നാണ് പറയാനുള്ളതെന്നും രാജ്യത്തിന്റെ പുരോഗതിയെ ഇത് സാരമായി ബാധിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
2027 ല്‍ തിയേറ്ററുകളിലെത്തുന്ന പുഷ്പയുടെ മൂന്നാം ഭാഗം പുഷ്പ 3 ദ റാമ്പേജും, ഷാഹിദ് കപൂറിനൊപ്പമെത്തുന്ന കോക്ക്‌ടെയ്ല്‍ 2വുമാണ് രശ്മികയുടെതായി വരാനുള്ള വമ്പന്‍ ചിത്രങ്ങള്‍.
Content Highlight: Rashmika Mandhana talks about main stream media working unethically