| Saturday, 18th October 2025, 7:26 am

സെൻസർ ബോർഡിന്റെ കട്ട് ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി; രശ്മിക - ആയുഷ്മാൻ ചിത്രത്തിലെ ചുംബനരംഗം 30 ശതമാനം കുറയ്ക്കണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ അടുത്ത കാലത്തായി എല്ലാവരും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് സെൻസർ ബോർഡ് കട്ടുകൾ. പല സിനിമകളിലായി നാം അത് കണ്ടതാണ്.

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള, പ്രൈവറ്റ്, ഹാൽ എന്നീ മലയാള ചിത്രങ്ങൾ ഉൾപ്പെടെ നിരവധി മലയാളം ചിത്രങ്ങളും അന്യഭാഷാചിത്രങ്ങൾക്കും സെൻസർ ബോർഡിന്റെ ‘പണി’ കിട്ടിയിട്ടുണ്ട്. ഇപ്പോഴാ ലിസ്റ്റിലേക്ക് പുതിയ ചിത്രം കൂടി വന്നിരിക്കുകയാണ്.

രശ്മിക മന്ദാനയും ആയുഷ്മാൻ ഖുറാനും പ്രധാന വേഷത്തിൽ എത്തുന്ന താമ എന്ന ചിത്രത്തിന്റെ സെൻസർ ബോർഡ് വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

ചിത്രത്തിലെ ചുംബനരംഗത്തിൻ്റെ ദൈർഘ്യം 30 ശതമാനം കുറയ്ക്കണം, ചിത്രത്തിൽ രക്തം ഊറ്റിക്കുടിക്കുന്ന രംഗത്തിൽ ശബ്ദം കുറയ്ക്കണം എന്നീ രണ്ട് മാറ്റങ്ങളുൾപ്പെടെ അഞ്ച് മാറ്റങ്ങളാണ് ചിത്രത്തിന് സെൻസർ ബോർഡ് നിർദേശിച്ചത്.

U/A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 30 മിനിട്ട് ആണ് ചിത്രത്തിന്റെ ദൈർഘ്യം. സിനിമയിൽ തഡ്ക എന്ന വാമ്പയർ കഥാപാത്രമായാണ് രശ്മികയെത്തിയത്. അലോക് എന്ന കഥാപാത്രമായി ആയുഷ്മാൻ ഖുറാനയും എത്തുന്നു.

നവാസുദ്ദീൻ സിദ്ധിഖി, പരേഷ് റാവൽ, ഫൈസൽ മാലിക് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. മലൈക അറോറയും ചിത്രത്തിലുണ്ട്. മഡോക് ഹൊറർ യൂണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രമാണിത്. സ്ത്രീ, ഭേദിയ. മുഞ്ജ്യ, സ്ത്രീ 2 എന്നിവയാണ് യൂണിവേഴ്‌സിലെ മറ്റ് ചിത്രങ്ങൾ. അമർ കൗഷിക്കിന് പകരം മുഞ്ജ്യ സിനിമയുടെ സംവിധായകൻ ആദിത്യ സർപോധർ ആണ് താമ ഒരുക്കുന്നത്.

റിലീസ് ചെയ്ത് 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ സ്ത്രീ 2 ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടം നേടിയിരുന്നു.

Content Highlight:  Rashmika Mandanna and Ayushmann’s kissing scene should be reduced by 30 percent

We use cookies to give you the best possible experience. Learn more