| Monday, 3rd March 2025, 10:03 pm

മണ്ടത്തരമോ അതോ പ്ലാനിങ്ങോ? പാകിസ്ഥാന്‍ സ്‌ക്വാഡ് ലീക്ക് ചെയ്ത് മുന്‍ പാക് താരം; ബാബര്‍ അസവും റിസ്വാനും പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള സ്‌ക്വാഡ് പുറത്തുവിട്ട് മുന്‍ പാക് സൂപ്പര്‍ താരം റാഷിദ് ലത്തീഫ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പാണ് റാഷിദ് ലത്തീഫ് ഏകദിന, ടി-20 പരമ്പരകള്‍ക്കുള്ള സ്‌ക്വാഡ് പുറത്തുവിട്ടത് എന്നതും ശ്രദ്ധേയമാണ്.

താരം മനപ്പൂര്‍വമാണോ സ്‌ക്വാഡ് പുറത്ത് വിട്ടത് എന്നതാണ് ആരാധകരുടെ സംശയം. എന്നാല്‍ ഇതേ സ്‌ക്വാഡ് തന്നെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിടുക എന്ന് എന്താണ് ഉറപ്പ് എന്ന് ചോദിക്കുന്ന ആരാധകരും കുറവല്ല.

ചാമ്പ്യന്‍സ് ട്രോഫിയിലെ നിരാശാജനകമായ പ്രകടനങ്ങള്‍ക്ക് പിന്നാലെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് പാകിസ്ഥാന്‍. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെന്ന പേരും പെരുമയുമായെത്തിയ പാകിസ്ഥാന്‍ ഒറ്റ മത്സരം പോലും വിജയിക്കാതെയാണ് ടൂര്‍ണമെന്റില്‍ നിന്നും പിടിയിറങ്ങിയത്. ന്യൂസിലാന്‍ഡിനോടും ഇന്ത്യയോടും പരാജയപ്പെട്ടപ്പോള്‍ ബംഗ്ലാദേശിനെതിരായ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു.

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും മൂന്ന് ഏകദിനങ്ങളുമാണ് പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിലെത്തി കളിക്കുക.

ടി-20 സ്‌ക്വാഡില്‍ ഏകദിന ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ബാബര്‍ അസമിനും നസീം ഷായ്ക്കും ഇടമില്ല എന്നാണ് റാഷിദ് എക്‌സില്‍ പങ്കുവെച്ച സ്‌ക്വാഡില്‍ നിന്നും വ്യക്തമാകുന്നത്. ഷദാബ് ഖാന്‍ നയിക്കുന്ന സ്‌ക്വാഡില്‍ എട്ട് പുതമുഖങ്ങളും ഇടം നേടിയിട്ടുണ്ട്.

സുഫിയാന്‍ മുഖീം, ഇര്‍ഫാന്‍ ഖാന്‍ നിയാസി, അബ്ബാസ് അഫ്രീദി, ജഹന്ദദ് ഖാന്‍, ഒമൈര്‍ ബിന്‍ യൂസഫ്, അബ്ദുള്‍ സമദ്, ഹുസൈന്‍ താലത്ത്, മുഹമ്മദ് അലി എന്നിവരാണ് പുതുമുഖങ്ങള്‍

ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള പാകിസ്ഥാന്റെ ടി-20 സ്‌ക്വാഡ്

ഷദാബ് ഖാന്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഹാരിസ്, ഷഹീന്‍ അഫ്രീദി, അബ്രാര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഹസന്‍ നവാസ്, ഹാരിസ് റൗഫ്, സൂഫിയാന്‍ മുഖീം, ഇര്‍ഫാന്‍ ഖാന്‍ നിയാസി, അബ്ബാസ് അഫ്രീദി, ജഹന്ദദ് ഖാന്‍, ഒമൈര്‍ ബിന്‍ യൂസഫ്, അബ്ദുള്‍ സമദ്, ഹുസൈന്‍ ഖാന്‍, മൊഹമ്മദ് താലത്ത്.

ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള പാകിസ്ഥാന്റെ ഏകദിന സ്‌ക്വാഡ്

സല്‍മാന്‍ അലി ആഘ, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍), ബാബര്‍ അസം, ഇമാം ഉള്‍ ഹഖ്, അബ്ദുല്ല ഷഫീഖ്, തയ്യബ് താഹിര്‍, ഇര്‍ഫാന്‍ ഖാന്‍, ഖുഷ്ദില്‍ ഷാ, മുഹമ്മദ് വസീം, നസീം ഷാ, ആകിഫ് ജാവേദ്, മുഹമ്മദ് അലി, അബ്രാര്‍ അഹമ്മദ്, സുഫിയാന്‍ മുഖീം, ഫഹീം അഷ്‌റഫ്.

മാര്‍ച്ച് 16നാണ് പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനം ആരംഭിക്കുന്നചത്. ടി-20 പരമ്പരയാണ് ഇതില്‍ ആദ്യം. ഹാഗ്‌ലി ഓവലാണ് വേദി.

Content Highlight: Rashid Latif ‘leaks’ Pakistan’s New Zealand tour

We use cookies to give you the best possible experience. Learn more