| Wednesday, 13th August 2025, 1:36 pm

ഒരു പന്തില്‍ വിട്ടുകൊടുത്തത് 2.95 റണ്‍സ് വീതം; ടി-20 ലെജന്‍ഡിനെ നാണംകെടുത്തി, ചരിത്രത്തിലെ മോശം പ്രകടനം

സ്പോര്‍ട്സ് ഡെസ്‌ക്

ദി ഹണ്‍ഡ്രഡില്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ബൗളിങ് പ്രകടനവുമായി റാഷിദ് ഖാന്‍. കഴിഞ്ഞ ദിവസം നടന്ന ഓവല്‍ ഇന്‍വിന്‍സിബിള്‍സ് – ബെര്‍മിങ്ഹാം ഫീനിക്‌സ് മത്സരത്തിലാണ് ഓവല്‍ താരം റാഷിദ് ഖാനെ മോശം റെക്കോഡ് തേടിയെത്തിയത്.

ദി ഹണ്‍ഡ്രഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ബൗളിങ് ഫിഗര്‍ എന്ന അനാവശ്യ നേട്ടമാണ് റാഷിദ് ഖാന്റെ പേരില്‍ കുറിക്കപ്പെട്ടത്. 20 പന്തില്‍ 59 റണ്‍സാണ് താരം വഴങ്ങിയത്. സൂപ്പര്‍ താരം ലിയാം ലിവിങ്സ്റ്റണിന്റെ വെടിക്കെട്ടാണ് റാഷിദിന് മോശം റെക്കോഡ് ചാര്‍ത്തി നല്‍കിയത്.

20 പന്തില്‍ ആറ് സിക്‌സറും നാല് ഫോറുമാണ് റാഷിദ് വിട്ടുകൊടുത്തത്. 2.95 ആണ് താരത്തിന്റെ റണ്‍സ് പെര്‍ ബോള്‍ നിരക്ക്. സാധാരണ ടി-20ില്‍ നിന്നും വ്യത്യസ്തമായി ദി ഹണ്‍ഡ്രഡില്‍ നൂറ് പന്തുകള്‍ മാത്രമാണ് ഒരു ഇന്നിങ്‌സ് എന്നതിനാല്‍ തന്നെ എക്കോണമി റേറ്റിന് പകരം റണ്‍സ് പെര്‍ ബോള്‍ ആണ് ഒരു ബൗളറുടെ പ്രകടനം അളക്കുന്നതിനായി ഉപയോഗിക്കുന്നത്.

ദി ഹണ്‍ഡ്രഡ് – മോശം ബൗളിങ് പ്രകടനം

(താരം – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

റാഷിദ് ഖാന്‍ – 0/59 – 2025*

ഡേവീഡ് വീസ് – 1/53 – 2022

ഡേവിഡ് പെയ്ന്‍ – 1/53 – 2023

സ്റ്റീവന്‍ ഫിന്‍ – 2/51 – 2021

ക്രിസ് വുഡ് – 0/49 – 2023

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓവല്‍ ഇന്‍വിന്‍സിബിള്‍സ് നിശ്ചിത പന്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ഡൊണോവാന്‍ ഫെരേയുടെ കരുത്തിലാണ് ഓവല്‍ മികച്ച സ്‌കോറിലെത്തിയത്.

29 പന്തില്‍ 63 റണ്‍സാണ് താരം സ്വന്തമാക്കിയത്. ആറ് ഫോറും നാല് സിക്‌സറും അടക്കം 217.24 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

30 പന്തില്‍ 44 റണ്‍സടിച്ച ജോര്‍ഡന്‍ കോക്‌സാണ് ടീമിന്റെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ നൂറ് പന്തില്‍ ടീം 180 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയില്‍ ഓവല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ബെര്‍മിങ്ഹാമിനായി ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ, ബെന്നി ഹോവല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ലിയാം ലിവിങ്‌സറ്റണ്‍, ഡാന്‍ മൂസ്‌ലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെര്‍മിങ്ഹാം ക്യാപ്റ്റന്‍ ലിയാം ലിവിങ്സ്റ്റണിന്റെയും വില്‍ സ്മീഡിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ബെര്‍മിങ്ഹാം രണ്ട് പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കി.

ലിവിങ്സ്റ്റണ്‍ 27 പന്തില്‍ പുറത്താകാതെ 69 റണ്‍സ് അടിച്ചെടുത്തു. അഞ്ച് സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 255.55 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ലിവിങ്സ്റ്റണ്‍ സ്‌കോര്‍ ചെയ്തത്. വില്‍ സ്മീഡ് 29 പന്തില്‍ 51 റണ്‍സാണ് നേടിയത്.

Content Highlight: Rashid Khan set the unwanted record of worst bowling figure in The Hundred history

We use cookies to give you the best possible experience. Learn more