| Saturday, 25th April 2026, 1:53 pm

ഐ.പി.എല്ലില്‍ അഫ്ഗാന്‍ ആധിപത്യം; സൂപ്പര്‍ റെക്കോഡില്‍ റെയ്‌നയ്‌ക്കൊപ്പം ഒന്നാമനായി റാഷിദ് ഖാനും

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന വമ്പന്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ചാം ജയം. സ്വന്തം തട്ടകത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനാണ് ബെംഗളൂരു തകര്‍ത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ബെംഗളൂരു.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബെംഗളൂരിന് സാധിച്ചു. നിലവില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയവും രണ്ട് തോല്‍വിയുമുള്‍പ്പെടെ 10 പോയിന്റാണ് ബെംഗളൂരുവിന്റെ പക്കലുള്ളത്.

മത്സരത്തില്‍ ഗുജറാത്ത് സ്പിന്നര്‍ റാഷിദ് ഖാന് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. നാല് ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് താരം വിക്കറ്റ് നേടിയത്. 12.25 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ഇതിനെല്ലാം പുറമെ ഒരു മികച്ച റെക്കോഡിലെത്താന്‍ റാഷിദ് ഖാന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ മത്സരം കളിച്ച താരമെന്ന നേട്ടമാണ് ഈ അഫ്ഗാന്‍ താരം സ്വന്തമാക്കിയത്. നേട്ടത്തില്‍ മുന്‍ താരം സുരേഷ് റെയ്‌നയ്‌ക്കൊപ്പമെത്താനും റാഷിദ് ഖാന് സാധിച്ചു.

ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയ മത്സരം കളിച്ച താരം

സുരേഷ് റെയന – 143

റാഷിദ് ഖാന്‍ – 143

യൂസഫ് പത്താന്‍ – 95

എസ്. ബദരീനാഥ് – 74

ജിതേഷ് ശര്‍മ – 62

അതേസമയം മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റേയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബിയുടെ വിജയം. 44 പന്തില്‍ 81 റണ്‍സ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. എട്ട് ഫോറുകളും നാല് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്സ്.

27 പന്തില്‍ രണ്ട് ഫോറും ആറ് കൂറ്റന്‍ സിക്‌സുമുള്‍പ്പെടെ 55 റണ്‍സാണ് പടിക്കല്‍ നേടിയത്. സൂപ്പര്‍ സിക്‌സ് അവാര്‍ഡും താരത്തിനായിരുന്നു. 203.70 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി സായ് സുദര്‍ശന്‍ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഐ.പി.എല്ലിലെ സായ് സുദര്‍ശന്റെ മൂന്നാം സെഞ്ച്വറിയാണിത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 34 റണ്‍സും ജോസ് ബട്‌ലര്‍ 25 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 23 റണ്‍സും നേടി.

Content Highlight: Rashid Khan In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more