| Tuesday, 2nd September 2025, 12:07 pm

ടി-20യിലെ രാജരാജാവ്; വമ്പന്‍മാരെ വെട്ടി ഒന്നാമനായി അഫ്ഗാന്‍ സിംഹം

സ്പോര്‍ട്സ് ഡെസ്‌ക്

ട്രൈ സീരീസില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യു.എ.ഇയെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 38 റണ്‍സിനാണ് റാഷിദ് ഖാന്റെ അഫ്ഗാന്‍ പട വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ യു.എ.ഇയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടാന്‍ സാധിച്ചത്.

അഫ്ഗാന് വേണ്ടി ക്യാപ്റ്റന്‍ റാഷിദ് ഖാനും ഷറഫുദ്ദീന്‍ അഷറഫും നടത്തിയ മികച്ച ബൗളിങ് അറ്റാക്കിലാണ് യു.എ.ഇയെ എളുപ്പം തകര്‍ത്തത്. ഇരുവരും മൂന്ന് വിക്കറ്റുകളാണ് നേടിയത്. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ 21 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. 5.25 എന്ന മികച്ച എക്കോണമിയും താരത്തിനുണ്ട്. വിക്കറ്റ് നേട്ടത്തിനും വിജയത്തിനും പിറകെ മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് റാഷിദിന് സാധിച്ചത്. 165 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയത്. നേരത്തെ ഈ നേട്ടത്തില്‍ ഒന്നാമനായ ന്യൂസിലാന്‍ഡ് താരം ടിം സൗത്തിയെ മറികടന്നാണ് ഖാന്‍ സൂപ്പര്‍ നേട്ടത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. ടി-20യില്‍ 98 മത്സരങ്ങളില് നിന്ന് 13.75 ആവറേജും 6.07 എന്ന എക്കോണമിയുമാണ് താരത്തിനുള്ളത്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, ടീം, മത്സരം, വിക്കറ്റ്

റാഷിദ് ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – 98 – 165

ടിം സൗത്തി – ന്യൂസിലാന്‍ഡ് – 126 – 150

ഇഷ് സോദി – ന്യൂസിലാന്‍ഡ് – 126 – 150

ഷക്കീബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 129 – 149

മുസ്തഫിസൂര്‍ റഹ്‌മാന്‍ – ബംഗ്ലാദേശ് – 113 – 142

മത്സരത്തില്‍ ഫസല്‍ ഹഖ് ഫറൂഖിയും മുഹമ്മദ് നബിയും ഓരോ വിക്കറ്റുകള്‍ വീതം നേടിയിരുന്നു. യു.എ.ഇക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ മുഹമ്മദ് വസീമാണ്. 37 പന്തില്‍ 67 റണ്‍സാണ് താരം നേടിയത്. രാഹുല്‍ ചോപ്ര 35 പന്തില്‍ 52 റണ്‍സ് നേടി പുറത്താകാതെ നിന്നു. മറ്റാര്‍ക്കും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു.

അതേസമയം അഫ്ഗാന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് ഇബ്രാഹിം സദ്രാനാണ്. 40 പന്തില്‍ 63 റണ്‍സാണ് താരം നേടിയത്. സെദ്ദിക്കുള്ള അടല്‍ 40 പന്തില്‍ 54 റണ്‍സും നേടി. യു.എ.ഇക്ക് വേണ്ടി മുഹമ്മദ് രോഹിദ്, മുഹമ്മദ് സഗീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.

Content Highlight: Rashid Khan In Great Record Achievement In International T-20 Cricket

We use cookies to give you the best possible experience. Learn more