| Friday, 30th October 2026, 9:26 am

ചരിത്രത്തിലാദ്യം! വീഴ്ത്തിയ ഒറ്റ വിക്കറ്റില്‍ 200! ഐതിഹാസിക നേട്ടത്തില്‍ റാഷിദ് 'വിക്കറ്റ് ടേക്കിങ്' ഖാന്‍

ആദർശ് എം.കെ.

അന്താരാഷ്ട്ര ടി-20യില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറെന്ന ചരിത്ര നേട്ടവുമായി അഫ്ഗാനിസ്ഥാന്‍ ഇതിഹാസ താരം റാഷിദ് ഖാന്‍. അഫ്ഗാനിസ്ഥാന്‍ – സിംബാബ് വേ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് റാഷിദ് ഈ നേട്ടത്തിലെത്തിയത്.

ഷെവ്‌റോണ്‍സ് വിക്കറ്റ് കീപ്പര്‍ താഡിവനാഷേ മരുമാണിയെ വിക്കറ്റിന് മുമ്പില്‍ കുടുക്കി പുറത്താക്കിയതിന് പിന്നാലെയാണ് അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നറെ തേടി ഈ നേട്ടമെത്തിയത്.

കളത്തിലിറങ്ങിയ 120ാം ഇന്നിങ്‌സിലാണ് റാഷിദ് ഖാന്‍ 200 വിക്കറ്റെന്ന നേട്ടത്തിലെത്തിയത്. 14.06 ശരാശരിയിലും 6.14 എക്കോണമിയിലുമാണ് താരം പന്തെറിയുന്നത്. 13.7 ആണ് റാഷിദിന്റെ സ്‌ട്രൈക് റേറ്റ്.

ഒമ്പത് തവണ ഫോര്‍ഫറും രണ്ട് തവണ ഫൈഫറും നേടിയ റാഷിദിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം 2017ല്‍ അയര്‍ലാന്‍ഡിനെതിരെയായിരുന്നു. മൂന്ന് റണ്‍സിന് അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

അതേസമയം, അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ 19 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവും നേടിയിരുന്നു. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 222 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സിംബാബ് വേയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കം പാളിയിരുന്നു. ആദ്യ ഓവറില്‍ വീണ രണ്ട് വിക്കറ്റുകളടക്കം അഞ്ച് റണ്‍സിനിടെ അഫ്ഗാനിസ്ഥാന്റെ നാല് താരങ്ങള്‍ കൂടാരം കയറി.

ആറാം നമ്പറിലെത്തിയ അസ്മത്തുള്ള ഒമര്‍സായ് യുടെ സെഞ്ച്വറി കരുത്തിലാണ് അഫ്ഗാനിസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. 12 സിക്‌സറും അഞ്ച് ഫോറും അടക്കം 232.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ 116 റണ്‍സടിച്ചാണ് താരം പുറത്തായത്.

ആറാം വിക്കറ്റില്‍ ഇജാസ് അഹമ്മദ്‌സായ്‌ക്കൊപ്പം 142 റണ്‍സിന്റെ കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി.

അഹമ്മദ്‌സായ് 27 പന്തില്‍ 52 റണ്‍സും അടിച്ചെടുത്തു. ഒടുവില്‍ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 221ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഷെവ്‌റോണ്‍സ് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ സെഞ്ച്വറി കരുത്തില്‍ (56 പന്തില്‍ പുറത്താകാതെ 106) തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയലക്ഷ്യത്തിന് 19 റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-0ന് മുമ്പിലെത്താനും പരമ്പര നേടാനും അഫ്ഗാനിസ്ഥാന് സാധിച്ചു.

നവംബര്‍ ഒന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഷാര്‍ജ തന്നെയാണ് വേദി.

Content Highlight: Rashid Khan becomes 1st player to complete 200 T20I wickets

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more