| Friday, 8th May 2026, 8:14 am

രാജ്യവിരുദ്ധ ചാപ്പകുത്തലും സൈബർ ആക്രമണവും; മ്യൂസിക് വീഡിയോ പിൻവലിച്ച് റാപ്പർ

മുഹമ്മദ് നബീല്‍

ഡെറാഡൂൺ: രാജ്യവിരുദ്ധ വരികൾ ഉപയോഗിച്ചെന്ന വിവാദത്തിനിടയിൽ കർമ്മ എന്ന റാപ്പ് ഗായകന്റെ ഗാനം യൂട്യൂബിൽ നിന്നും പിൻവലിച്ചു. പബ്ലിക് നോട്ടീസ് എന്ന ഗാനമാണ് വിവാദത്തിനൊടുവിൽ ഗായകൻ പിൻവലിച്ചത്.

‘മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ പബ്ലിക് നോട്ടീസ് മ്യൂസിക് വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്. ഈ പ്രശ്നം രമ്യമായി പരിഹരികുന്നതിന് ഞങ്ങൾ ചർച്ചകൾ നടത്തി വരികയാണ്,’ ഗായകൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി അറിയിച്ചു.

വീഡിയോ പിൻവലിക്കാനുള്ള കാരണങ്ങൾ വ്യക്തമല്ല. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഴിമതി, സ്ത്രീ സുരക്ഷ, തൊഴിലില്ലായ്മ, വർഗീയ കലാപങ്ങൾ, അനീതിക്കുനേരെ പുലർത്തുന്ന നിശബ്ദത തുടങ്ങിയ വിഷയങ്ങൾ പാട്ടിലൂടെ ഉന്നയിച്ചതിന് സമൂഹ മാധ്യമങ്ങളിൽ ഒരു വിഭാഗം ആളുകളിൽ നിന്ന് കർമ്മയ്ക്ക് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ചിലർ അദ്ദേഹത്തെ രാജ്യവിരുദ്ധൻ എന്ന ചാപ്പകുത്താനും ശ്രമിച്ചിരുന്നു.

അതേസമയം തനിക്കെതിരെയുള്ള വിമർശനങ്ങളിലും ഗായകൻ പ്രതികരിച്ചു. ‘ഒരു രൂപ പോലും ഞാൻ ഒരു പേജിനോ ഇൻഫ്ലുവൻസർക്കോ നൽകിയിട്ടില്ല, ഈ പാട്ടിലൂടെ ആളുകൾ എന്റെ വാക്കുകളെ ഏറ്റെടുത്തു, അതുകൊണ്ടാണ് ഇത് ഇത്ര വലിയ സ്വാധീനം ചെലുത്തിയത്, അതുകൊണ്ടാണ് ഇക്കൂട്ടർക്ക് ഇപ്പോൾ പ്രശ്നമുണ്ടായിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

താൻ ആരെയും പരിഹസിച്ചിട്ടില്ലെന്നും, വീഡിയോയിൽ ഉപയോഗിച്ചത് യഥാർത്ഥ ദൃശ്യങ്ങൾ ആണെന്നും, വസ്തുതകൾ മാത്രമാണ് എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ സമൂഹ മാധ്യമങ്ങളിൽനിന്നും പിൻവലിച്ചതോടെ ഗാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാണ്. സർക്കാരുകളുടെ കെടുകാര്യസ്ഥതയ്ക്കും അക്രമങ്ങൾക്കും എതിരെ ചെയ്ത വീഡിയോ സർക്കാർ എതിർ സ്വരങ്ങളെ എങ്ങനെ അടിച്ചമർത്തുന്നു എന്നതിനുള്ള ഉദാഹരണമായി മാറിയിരിക്കുകയാണ്.

Content Higlight: Rapper withdraws music video over anti-national slurs and cyber attacks

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more