തിരുവനന്തപുരം: സര്‍ക്കാര്‍ വേദിയില്‍ പാടാന്‍ റാപ്പര്‍ വേടന്‍ എത്തുന്നു. ഇടുക്കിയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച പരിപാടിയിലേക്കാണ് വേടന്‍ എത്തുന്നത്.
ഹിരൺദാസ് മുരളി
നാളെ (തിങ്കള്‍) വൈകിട്ടാണ് വേടന്‍ നയിക്കുന്ന സംഗീത പരിപാടി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സമാപന ചടങ്ങിലാണ് വേടന്‍ പാടുക.
കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ വേടനെ ഈ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്രസ്തുത തീരുമാനത്തിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ വേടനെതിരെ നിയമനടപടികളുണ്ടായതോടെ പരിപാടി മാറ്റിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കുകയായിരുന്നു.
കഞ്ചാവ് കേസില്‍ വേടന്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം കഞ്ചാവാണ് ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തുത്തത്. പിന്നീട് കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ മറ്റ് എട്ട് പേരെയും ജാമ്യത്തില്‍ വിട്ടെങ്കിലും പുലിപ്പല്ല് കൈവശം വെച്ചെന്നാരോപിച്ച് വേടനെ വനംവകുപ്പിന് കൈമാറുകയായിരുന്നു.
എന്നാല്‍ ഈ കേസിലും കോടതി വേടന് ജാമ്യം അനുവദിക്കുകയായിരുന്നു. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
വനംവകുപ്പിന്റെ നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ രൂക്ഷമായ വിമർശനമാണ് നേരിട്ടിരുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ വേടനെതിരായ വനംവകുപ്പിന്റെ നടപടികളില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ലഹരി ഉപയോഗത്തില്‍ നിയമനടപടി സ്വീകരിക്കാമെന്നും എന്നാല്‍ വനംവകുപ്പിന്റെ നടപടികള്‍ പ്രഹസനമാണെന്നുമായിരുന്നു വിമര്‍ശനം.
പുലിപ്പല്ല് കൈവശം വെച്ചെന്നാരോപിച്ച് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ വനംവകുപ്പ് ചുമത്തിയിരുന്നത്.
എന്നാല്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കം വേടന് പിന്തുണയറിയിച്ച് രംഗത്തെത്തുകയിരുന്നു. വേടനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നാണ് എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത്.
Content Highlight: Rapper Vedan will sung at the government programe